കോഴിക്കോട്: ഗാനമേളയ്ക്കിടെ ഗായകരായ കെ.ജെ യേശുദാസിനെയും, കെ.എസ് ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി അസീസ് ആണ് അറസ്റ്റിലായത്. 24 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
1999 ൽ മലബാർ മഹോത്സവത്തിനിടെയായിരുന്നു സംഭവം. ഇരുവരും സ്റ്റേജിൽ പാടുന്നതിനിടെ നഴ്‌സസ് ഹോസ്റ്റലിന് മുൻപിൽ നിന്നായിരുന്നു കല്ലേറുണ്ടായത്. കല്ലെറിഞ്ഞ മറ്റുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു എങ്കിലും അസീസിന മാത്രം പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അസീസിനെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
മലപ്പുറത്തെ മുതുവല്ലൂരിലായിരുന്നു അസീസ് ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രദേശവാസിയായ ഒരാൾ അസീസിനെക്കുറിച്ച് പോലീസിന് വിവരം നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. നടക്കാവ് ഇൻസ്‌പെക്ടർ പി കെ ജിജിഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അസീസിനെ അറസ്റ്റ് ചെയ്തത്.












