കോട്ടയം: കോട്ടയം ജില്ലയിലെ വിജയപുരം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്നണി തര്‍ക്കത്തെത്തുടര്‍ന്ന് പരസ്പരം മത്സരിച്ച സി.പി.ഐയ്ക്ക് സിറ്റിംങ് സീറ്റ് നഷ്ടമായി. കോട്ടയം ജില്ലയിലെ വിജയപുരം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് സംസ്ഥാനത്തെ ഭരണകക്ഷികളായ സി.പി.ഐ.എമ്മും സി.പി.ഐയും പരസ്പരം ഏറ്റുമുട്ടിയത്. ഉപതെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നപ്പോള്‍ സിറ്റിംങ് സീറ്റില്‍ സി.പി.ഐ ബി.ജെ.പിയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ജോര്‍ജ് എം ഫിലിപ്പ് വാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ സി.പി.ഐ.എം പിന്തുണച്ച സ്വതന്ത്രന്‍ രണ്ടാം സ്ഥാനത്തെത്തി. സി.പി.ഐ.എം വിശ്വാസ വഞ്ചനകാട്ടിയെന്ന ആരോപണവുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.ഐയും സി.പി.എമ്മും തുറന്ന പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് പരസ്പരം ഏറ്റുമുട്ടിയ വിജയപുരം പഞ്ചായത്ത് വാര്‍ഡ് ഫലം എല്ലാവരും ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന ഒന്നാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജില്ല കൂടിയായ കോട്ടയത്തെ മത്സരഫലം സി.പി.ഐയ്ക്ക് ക്ഷീണമാകുന്നതാണ്. പരസ്പരം പോരടിച്ച് മുന്നണിയുടെ സിറ്റിംങ് സീറ്റ് നഷ്ടപ്പെടുത്തിയത് ഇടതു ക്യാമ്പുകളില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന കാര്യവും ഉറപ്പാണ്.
വിജയപുരത്തെ പെരിങ്ങളൂര്‍ വാര്‍ഡില്‍ അപ്രതീക്ഷിത വിജയം നേടിയ യു.ഡി.എഫിന് 312 വോട്ട് ലഭിച്ചപ്പോള്‍ സി.പി.ഐ.എം സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് 272 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിക്ക് 186 വോട്ട് ലഭിച്ചപ്പോള്‍ നാലാം സ്ഥാനത്തുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 76 വോട്ടുകളുമാണ്. സംസ്ഥാനത്താകെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ ഏഴ് സീറ്റ് എല്‍.ഡി.എഫും മൂന്നു സീറ്റ് യു.ഡി.എഫും നേടി. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസിനാണ് വിജയം.
Discussion about this post