കൊല്ലം: സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിഷയത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷ് തൂങ്ങിമരിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ രണ്ടുപേരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അഗളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. അനീഷിനെയും കൂട്ടുകാരിയെയും ആക്രമിച്ച കേസിലെ പ്രതികള്‍ കൂടിയാണ് ഇവര്‍.
കൊല്ലം അഴീക്കലില്‍ വലന്റൈന്‍സ് ദിനത്തിലാണ് അനീഷിനും കൂട്ടുകാരിക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടാകുന്നത്. ഒരുസംഘമാളുകള്‍ ഇരുവരെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇരുവരെയും പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂട്ടുകാരിയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴായിരുന്നു അനീഷിന് നേരെ സംഘടിതാക്രമണമുണ്ടായത്. ഇതിനുശേഷം അനീഷ് മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാരും സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് വീടിനടുത്തുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്.
സദാചാര ഗുണ്ടാ വിളയാട്ടത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പും നല്‍കിയിരുന്നു.
Discussion about this post