ഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സംഭവത്തില്‍ അമേരിക്ക പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റും ജനങ്ങളും ഈ സംഭവത്തില്‍ അപലപിക്കണം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്ന വിധത്തില്‍ ശക്തമായ സന്ദേശം നല്‍കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
വംശീയ വിദ്വേഷത്തിന്റെ ഫലമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അപമാനകരമാണ്. കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഈ സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി സംസാരിച്ചതായും ഇന്ത്യന്‍ സ്ഥാനപതിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കാന്‍സസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ എന്‍ജിനീയറായ ശ്രീനിവാസ് കുചിഭോട്‌ല(32)കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ തെലങ്കാന വറംഗല്‍ സ്വദേശി അലോക് മദസാനിയെ ഗുരുതരപരിക്കേറ്റിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കക്കാരനായ ഇയാന്‍ ഗ്രിലോട്ടിന് വെടിയേറ്റു.
വെടിവെപ്പുനടത്തിയ ആഡം പ്യൂരിന്റണിനെ (51) അഞ്ചുമണിക്കൂറുകള്‍ക്കുശേഷം മിസൗറിയില്‍നിന്ന് പോലീസ് പിടികൂടി. അറബ് വംശജരെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ക്കുനേരേ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാന്‍സസിലെ ഒലാത്തില്‍ ഓസ്റ്റിന്‍സ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ എത്തിയ ശ്രീനിവാസിനോടും അലോകിനോടും ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചുകൊണ്ട് പ്യൂരിന്റണ്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശ്രീനിവാസും അലോകും ഗാര്‍മിന്‍ ഇലക്ട്രോണിക് കമ്പനിയിലെ ഏവിയേഷന്‍ പ്രോഗ്രാം മാനേജര്‍മാരാണ്.
Discussion about this post