തിരുവനന്തപുരം: ഇരട്ടച്ചങ്കും ഇരട്ടനാവുമുള്ള പിണറായിക്ക് ഒരു കാര്യം വിശദീകരിക്കാന്‍ എകെ ബാലന്റെ സഹായം വേണമെന്നോ? സഭയില്‍ ചോദ്യമുയര്‍ത്തി രമേശ് ചെന്നിത്തല. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിപി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത് സംബന്ധിച്ച് വിവരങ്ങള്‍ ആരായുന്നതിനിടെയായിരുന്നു രമേശ് ചെന്നിത്തല ഇക്കാര്യം ചോദിച്ചത്. മന്ത്രി എ കെ ബാലന് പ്രോംപ്റ്റ് ചെയ്ത് തരുന്നത് അതേപടി മുഖ്യമന്ത്രി പറയരുതെന്നായിരുന്നു രമേശ് ചെന്നിത്തല സഭയില്‍ ചൂണ്ടിക്കാട്ടിയത്.
കാര്യങ്ങള്‍ പരിശോധിച്ച് പറയണമെന്നും എകെ ബാലന് പറയുന്നത് അതേപടി പറയരുതെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറയാനാരംഭിച്ചു. എന്നാല്‍ അപ്പോഴുമെത്തി എകെ ബാലന്റെ സഹായം. അതോടെ ബാലന് നേരെയായി പിണറായിയുടെ ശകാരം. സ്വതസിദ്ധമായ ശൈലിയില്‍ എകെ ബാലനു നേരെ ‘അനങ്ങാതിരിക്ക്’ എന്നായി പിന്നെ മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസമാണ് ജിഷ്ണു പ്രണോയ് കേസില്‍ അഡ്വക്കേറ്റ് സിപി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. നിസാമിന് ശിക്ഷ വാങ്ങി കൊടുത്ത ഉദയഭാനുവിനെ കേസ് ഏല്‍പ്പിച്ചതോടെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ തികഞ്ഞ ഗൗരവം പുലര്‍ത്തുന്നുണ്ടെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്. ഇത് സംന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് എകെ ബാലന് പറഞ്ഞത് മുഖ്യമന്ത്രി മന്ത്രി അതേപടി ആവര്‍ത്തിച്ചതോടെയാണ് സഭയില്‍ പ്രതിപക്ഷ നേതാവ് വിമര്‍ശനമുയര്‍ത്തിയത്.
Discussion about this post