2016 സെപ്റ്റംബര്‍ 29 നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യന്‍ പാരാകമാന്‍ഡോകള്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇപ്പോഴും ചര്‍ച്ചയാണ്. ഇന്ത്യയുടെ സാങ്കേതിക സംവിധാനങ്ങളുടെ ശക്തിയാണ് ഇത്രയും രഹസ്യമായി പാക്ക് അതിര്‍ത്തിയിലെ ഭീകര ക്യാംപുകള്‍ ആക്രമിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
ഇന്ത്യയുടെ പ്രതിരോധ ശാസ്ത്ര സ്ഥാപനം ഡിഫന്‍സ് സയന്‍സ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക ടെക്നോളജികളാണ് അന്ന് ഉപയോഗിച്ചത്. ടെക്നോളജിയുടെ പിന്‍ബലം ഇല്ലെങ്കില്‍ ഇത്രയും തന്ത്രപരമായി പാക്ക് ഭീകര ക്യാംപുകള്‍ ആക്രമിച്ച് മടങ്ങാന്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ക്ക് സാധിക്കുമായിരുന്നില്ല. ആക്രമണത്തിനു മുന്‍പ് പാക്കിസ്ഥാനെ ഇരുട്ടിലാക്കുന്ന നീക്കമാണ് ഇന്ത്യ നടത്തിയത്. പാക്കിസ്ഥാന്റെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു. ഇന്ത്യന്‍ സേനയും ഡിആര്‍ഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത സംയുക്ത എന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റമാണ് സര്‍ജിക്കില്‍ സ്ട്രൈക്കിലും ഉപയോഗിച്ചത്.
മൂന്നു കാര്യങ്ങള്‍ക്കാണ് സംയുക്ത ഉപയോഗിക്കുന്നത്. 1. ഇന്ത്യന്‍ സേനയുടെ ആശയവിനിമയം, 2. ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍, 3. ശത്രുക്കളുടെ റഡാര്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകര്‍ക്കാന്‍. ഇതൊരു സോഫ്റ്റ്വെയര് സംവിധാനമാണ്. 1.5 MHz 40 GHz ആണ് ഈ ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റത്തിന്റെ ഫ്രീക്വന്‍സി. ലോ, മീഡിയം, ഹൈ ബാന്‍ഡ് ഫ്രീക്വന്‍സികളിലും ഇത് പ്രവര്‍ത്തിക്കും. ശത്രുക്കളുടെ ഭാഗത്തു നിന്നുള്ള ഏതൊരു ഇലക്ട്രോണിക് തരംഗവും ഈ സംവിധാനം പിടിച്ചെടുക്കും. സര്‍ജിക്കില്‍ സ്ട്രൈക്കിന് മുന്‍പ് പാക്കിസ്ഥാന്റെ അതിര്‍ത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്നതാണ് ഈ സംവിധാനം. നിലവില്‍ സേനയുടെ കൈവശമുള്ള 145 സംയുക്ത സിസ്റ്റങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും സാധിക്കും.
Discussion about this post