കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് കോളെജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഇരയായ കെ.എം ബാദുഷയ്ക്ക് കോളെജില്‍ നിന്നും ലഭിച്ചിരുന്നത് കടുത്ത പരിഹാസങ്ങള്‍. വലതുകൈ മുട്ടിന് താഴെവെച്ച് ഇല്ലാത്ത ബാദുഷയെ ഒന്നരക്കൈയ്യന്‍ എന്നുവിളിച്ചാണ് കോളെജില്‍ പല സഹപാഠികളും കളിയാക്കിയിരുന്നതെന്ന് പിതാവ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ന് ആക്രമിക്കാന്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നവരും നേരത്തെ ബാദുഷയെ ഒന്നരക്കൈയ്യന്‍ എന്നുവിളിച്ച് പരിഹസിച്ചിരുന്നു. ഇതുമൂലം ക്ലാസുളള ദിവസങ്ങളില്‍ മാത്രമെ ബാദുഷ കോളെജില്‍ പോകുകയുളളൂ.
എന്തെങ്കിലും പരിപാടികളാണേല്‍ അവന്‍ കോളെജിലേക്കേ പോകാറില്ലെന്നും കെ.ബി മക്കാര്‍ വ്യക്തമാക്കി. ആര്‍ട്‌സ് ഡേയുടെ അന്ന് കോളെജില്‍ നടന്ന സംഘര്‍ഷത്തില്‍ അവനുണ്ടായിരുന്നെന്ന് ആരോപിച്ചാണ് ഒരുകൈ മാത്രമുളള അവനെ തല്ലിച്ചതച്ചത്. കോളെജില്‍ ആര്‍ട്‌സ് ഡേ നടക്കുന്ന അന്ന് അവന്‍ പോയിട്ടുണ്ടായിരുന്നില്ല. അറ്റന്‍ഡന്‍സുളള ക്ലാസ് ദിവസങ്ങളില്‍ മാത്രമെ അവന്‍ കോളെജിലേക്ക് പോകാറുളളു. കളളം പറഞ്ഞുകൊണ്ടാണ് അവനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം മര്‍ദിച്ചത്. ഒരു സംഘടനയിലും പാര്‍ട്ടിയിലും ഇല്ലാത്തവനാണ് ബാദുഷയെന്നും പിതാവ് മക്കാര്‍ പറഞ്ഞു.
കെ.എം ബാദുഷയെ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത്. സാരമായ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ബാദുഷയെ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാദുഷയുടെ മൊഴി പൊലീസെത്തി രേഖപ്പെടുത്തിയിട്ടുണ്ട്.
കോളെജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഇന്നുതീരുകയായിരുന്നു. അവസാന ദിവസത്തെ ക്ലാസും പരീക്ഷയും കഴിഞ്ഞ് കോളെജിന് പുറത്തേക്കിറങ്ങുവാന്‍ നേരമാണ് ബാദുഷയ്ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രകോപനമുണ്ടായതെന്നും മര്‍ദിച്ചതെന്നും സുഹൃത്തുക്കളും ബാദുഷയുടെ പിതാവ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാദുഷയുടെ താടിക്ക് തട്ടി നീ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രകോപനങ്ങള്‍. തുടര്‍ന്ന് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. കോളെജ് ചെയര്‍മാനും എസ്എഫ്‌ഐയുടെ നേതാവുമായ വിജീഷ് വിശ്വംഭരന്‍ അടക്കമുളള ആറോളം വിദ്യാര്‍ത്ഥികളാണ് മര്‍ദിച്ചതെന്നും ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നുമാണ് ബാദുഷ പരാതിയില്‍ വ്യക്തമാക്കുന്നത്.
അതേസമയം ഇത്തരത്തില്‍ മര്‍ദ്ദനമൊന്നും ഉണ്ടായിട്ടില്ലെന്നും ചെറിയ ഉന്തും തളളുമാണ് കോളെജില്‍ ഉണ്ടായതെന്നും സെന്റ് പീറ്റേഴ്‌സിലെ എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കിയത്.
Discussion about this post