ഡല്‍ഹി: പാക്കേജ് കുടിവെള്ള കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് പല വില ഈടാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് വിശദീകരണം തേടിയതായി കേന്ദ്രം വ്യക്തമാക്കി. എയര്പ്പോര്ട്ടുകള്, മാളുകള്‍, ഹോട്ടലുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളത്തിന് ഏകീകൃത വില ഈടാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിവിധ കമ്പനികളുടെ കുടിവെള്ളത്തിന് പല വില ഈടാക്കുന്നെന്ന് ആരോപിച്ച് ദിനംപ്രതി ഒട്ടനവധി പരാതികളാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നതെന്ന് കേന്ദ്ര ഭക്ഷ്യ ഉപഭോക്ത വകുപ്പ് മന്ത്രി റാം വിലാസ് പസ്വാന് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
ചില കമ്പനികളുടെ കുടിവെള്ള കുപ്പികളില്‍ അവയുടെ വില രേഖപ്പെടുത്തിയിട്ടില്ലെന്നും കുടിവെള്ള കുപ്പികളില്‍ പ്രിന്റ് ചെയ്തിട്ടുള്ള തുകയില്‍ നിന്ന് അധികമാണ് ഹോട്ടലുടമകള്‍ സ്വീകരിക്കുന്നതെന്നും കേന്ദ്ര മന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. കുടിവെള്ളത്തിനും മറ്റ് ശീതള പാനീയങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള തുകയില്‍ നിന്ന് അധികം വാങ്ങുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നതിനായി നിയമ നിര്‍മ്മാണം നടത്തുവാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ശീതള പാനീയങ്ങള്‍ വൈന്‍ഡിങ് മെഷീനുകളിലൂടെ ഉയര്‍ന്ന നിരക്കിലാണ് ലഭ്യമാകുന്നതെന്നും മന്ത്രി ആരോപിച്ചു.
കുടിവെള്ളം വിറ്റഴിക്കുന്ന ലോബികള്‍ക്കെതിരെ ശക്തമായി പോരാടുവാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
Discussion about this post