പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ രണ്ടുമാസത്തിനിടെ മരിച്ച സംഭവത്തില്‍ മൂത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ച് ഐ ജി എം ആര് അജിത് കുമാര്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. നിലവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൂത്തകുട്ടിയെ ബന്ധു പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് കുട്ടികളുടെ അമ്മ മൊഴി നല്‍കിയതിനു പിന്നാലെയാണ് ഐജിയുടെ വെളിപ്പെടുത്തല്‍. ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നെന്നും പെണ്‍കുട്ടികളുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, മരിച്ച രണ്ടാമത്തെ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നുവോ എന്ന കാര്യം അമ്മയുടെ മൊഴിയില്‍നിന്ന് വ്യക്തമായിട്ടില്ല.
പതിനൊന്നുകാരിയായ മൂത്തമകള്‍ ജനുവരി 13നും ഒമ്പതുകാരിയായ ഇളയമകള്‍ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറിവീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ഇരുവരും ഒരേസ്ഥാനത്താണ് തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. മുതിര്‍ന്ന കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി മൃതദേഹ പരിശോധനയില്‍ വ്യക്തമായതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇളയ കുട്ടിയുടെ കാര്യത്തിലും പീഡനം നടന്നതായി സംശയിക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളായിരുന്നു മൂത്തകുട്ടി. ഇളയമകളും ഏഴുവയസ്സുള്ള മകനും രണ്ടാം ഭര്‍ത്താവിന്റെ മക്കളാണ്. ചേച്ചി തൂങ്ങിനില്ക്കുന്നത് ആദ്യംകണ്ടത് കഴിഞ്ഞദിവസം മരിച്ച ഇളയകുട്ടിയായിരുന്നു.
Discussion about this post