ലഖ്നൗ: യുപിയില്‍ പിന്നോക്ക വിഭാഗക്കാരനായ കേശവ പ്രസാദ് മൗര്യ മുഖ്യമന്ത്രിയാകുമോ..? പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനും ലഖ് നൗ മേയറുമായ ദിനേശ് ശര്‍മ്മ നേതൃത്വത്തിലെത്തുമോ..? യുപിയോടൊപ്പം രാജ്യം കാത്തിരിക്കുന്ന തീരുമാനം ഇനി അമിത് ഷാ-മോദി ഉള്‍പ്പെടുന്ന നേതൃത്വത്തിന്റേതാണ്. ഇവര്‍ രണ്ടുപേരുമല്ലാത്ത ഒരാളെ അമിത് ഷാ നേരിട്ട് അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ല
. 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി വരാനിരക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി യു.പിയില്‍ നിരവധി കാര്യങ്ങള്‍ ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഇവിടെ ബി.ജെ.പിക്ക് പരിഗണിക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റ ഗതി എങ്ങോട്ടായിരിക്കണമെന്ന് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് യു.പിയിലെ ജനങ്ങള്‍. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അത്ര നിസാരക്കാരനാവാന് പാടില്ലെന്ന് ബിജെപി നേതൃത്വത്തിന് അറിയാം.
കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ പേരുകളും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്.
പിന്നോക്ക വിഭാഗക്കാരനായ മൗര്യയെ മുഖ്യമന്ത്രിയായി അവരോധിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. യാദവ വിഭാവങ്ങള്‍ ഏറെയുള്ള യു.പിയില്‍ ഒരു പിന്നോക്കക്കാരനെ തന്നെ സംസ്ഥാന ഭരണം ഏല്പിക്കുക എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുമെന്ന് കരുതുന്നവര്‍ ഏറെയാണ്. നിലവിലെ ലോക്സഭാംഗം കൂടിയായ കേശവപ്രാസദ് മൗര്യയ്ക്ക് യു.പിയിലെ പിന്നോക്ക വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നു. മൗര്യയുടെ പ്രവര്‍ത്തനപാടവവും അണികളെ കയ്യിലെടുക്കാനുള്ള സാമര്‍ത്ഥ്യവും ഗുണം ചെയ്തുവെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് മുന്നോക്ക വിഭാഗങ്ങളില്‍ ഒരാള്‍ സംസ്ഥാനത്തെ നയിക്കാന്‍ ആവശ്യമാണെന്ന് ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടിയാല്‍ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനും ബ്രാഹ്മണ കുടുംബത്തില്‍ നിന്നുമുള്ള ദിനേശ് ശര്‍മ്മയെ മുഖ്യമന്ത്രിയാക്കാനാവും പാര്‍ട്ടി തീരുമാനിക്കുക. നിലവില്‍ ലക്നൗ മേയര്‍കൂടിയായ ദിനേശ് ശര്‍മ്മയ്ക്ക് പ്രധാനമന്ത്രിയുമായും അധ്യക്ഷന്‍ അമിത്ഷായുമായുള്ള അടുത്ത ബന്ധവും ഗുണം ചെയ്യും. ഈ രണ്ട് നേതാക്കള്‍ക്കും ടിക്കറ്റ് നല്‍കാതെ ഒരു സര്വ്വസമ്മതനെയാണ് യു.പിയുടെ ഭരണം നേതൃത്വം ഏല്പിക്കുന്നതെങ്കില് അത് കേന്ദ്ര ടെലികോം മന്ത്രികൂടിയായ മനോജ് ശര്‍മ്മയ്ക്ക് നറുക്ക് വീഴും.
Discussion about this post