കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി അറിയിച്ചത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുത്തത് അഭിഭാഷകന് പ്രദീഷ് ചാക്കോയുടെ ഓഫീസില്‍ നിന്നാണ്. ഇതേ തുടര്‍ന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
നടിയെ ആക്രമിക്കുന പള്‍സര്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും രണ്ടാമത് വക്കാലത്തേറ്റെടുത്ത പ്രദീഷ് ചാക്കോയുടെ ഓഫീസില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതോടെ പ്രദീഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും അഭിഭാഷകന് കോടതിയെ സമീപിച്ചു. അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ പൊലീസിനെ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇതു തള്ളിയാണ് ഹൈക്കോടതി പൊലീസിന്റെ ആവശ്യം അംഗീകരിച്ചത്.
രണ്ട് ദിവസത്തിനുള്ളില്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് പ്രദീഷ് ചാക്കോയ്ക്ക് ഹൈക്കോടതി നിര്‍ദേശവും നല്കി. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് ഇസി പൗലോസിനെ പൊലീസ് കേസില്‍ സാക്ഷിയാക്കിയിരുന്നു. പ്രതികള്‍ കൈമാറിയ മൊബൈല്‍ ഫോണും പഴ്സും അഭിഭാഷകന് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് സാക്ഷിയാക്കിയത്.
Discussion about this post