തിരുവനന്തപുരം: കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകൂവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ജേക്കബ് തോമസ്, പ്രതിസന്ധികളില്‍ മുഖ്യമന്ത്രിയുടെ പിന്തുണ കരുത്ത് നല്‍കുന്നതായും വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായും ജേക്കബ് തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പരാതികള്‍ സ്വീകരിക്കുന്നതില്‍ വ്യക്തമായ മാനദണ്ഡം വേണം. അവ്യക്തത പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസിന് നല്‍കിയിരുന്നു. എം. വിന്‍സന്റ് എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് നല്‍കിയ മറുപടിയില്‍ പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഗുരുതരമായ ആരോപണമാണ് ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. വിജിലന്‍സിനെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ സര്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് കാണിക്കണമെന്നും തത്ത കോടതിയെയും സര്‍ക്കാരിനെയും തിരിഞ്ഞ് കൊത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കള്ളന്റെ കയ്യിലാണ് മുഖ്യമന്ത്രി താക്കോല്‍ കൊടുത്തിരിക്കുന്നത്. ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ പരിശോധിക്കാതെ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും അഴിമതി നടത്തിയെങ്കില്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുകയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
ജേക്കബ് തോമസിനെതെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടാവുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് വളരെ മുന്നെ തന്നെ പ്രതിപക്ഷ കക്ഷികള്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. കൂടാതെ ഹൈക്കോടതിയും വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അപ്പോഴൊക്കെ മുഖ്യമന്ത്രിയെയായിരുന്നു പിന്തുണ തേടി ജേക്കബ് തോമസ് സമീപിച്ചിരുന്നത്.
Discussion about this post