പനാജി: ഗോവ കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരെ വന്‍ പൊട്ടിത്തെറി. ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി എംഎല്‍എ വിശ്വജിത്ത് റാണെക്ക് പിന്നാലെ രാജിപ്രഖ്യാപിച്ച് സാവിയോ റോഡ്രിഗസ്. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് റോഡ്രിഗസിന്റെ രാജിപ്രഖ്യാപനം.
ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതില്‍ ദേശീയ നേതൃത്വത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തിയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നത്. 40 അംഗ നിയമസഭയില്‍ 17 എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാരാണ് രാജിവെച്ച് ഒഴിഞ്ഞത്.
ഗോവ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ തുടക്കമായി വിമത എംഎല്‍എ വിശ്വജിത്ത് റാണെയാണ് പാര്‍ട്ടിയില്‍ നിന്ന് ആദ്യം രാജിവെച്ചത്. ഗോവയില്‍ ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പ്പിച്ച വിശ്വാസത്തെ പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നും ആരോപിച്ചാണ് എംഎല്‍എ വിശ്വജിത്ത് റാണെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ബിജെപിയുടെ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും ഇറങ്ങിപ്പോന്ന് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ശേഷമാണ് റാണെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
കോണ്‍ഗ്രസിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ചാണ് പാര്‍ട്ടി വിട്ട് രണ്ട് എംഎല്‍എമാരും പുറത്തുവന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങിന്റെ പിടിപ്പുകേടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങള്‍ അധികാരപത്രം നല്‍കിയിട്ടും പാര്‍ട്ടിക്ക് സാധിക്കാതെ വന്നതെന്നാണ് വിമര്‍ശനം.
Discussion about this post