കൊച്ചി: 2016-ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.വി നികേഷ് കുമാറിനെതിരേ വീണ്ടും തട്ടിപ്പ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കടവന്ത്ര സ്വദേശി നല്‍കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
കടവന്ത്ര സ്വദേശിയായ ആര്‍ രാധാകൃഷ്ണന്‍ ആണ് എം.വി നികേഷ് കുമാറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ എം.ഡി സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ സ്ഥാപനത്തില്‍ ഓഹരി നല്‍കാമെന്നു പറഞ്ഞ് 29 ലക്ഷം രൂപ തട്ടിച്ചതായാണ് പരാതി.
എറണാകുളം ബാനര്‍ജി റോഡിലുളള സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ട് വഴി പല തവണയായി ആകെ 29 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. ഈ സ്ഥാപനത്തിലെ തന്നെ മുന്‍ ജീവനക്കാരനായിരുന്ന രാധാകൃഷ്ണന് ലഭിക്കേണ്ട മറ്റാനുകൂല്യങ്ങളും നികേഷ് നിഷേധിച്ചതായും പരാതിയിലുണ്ട്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നികേഷ് പിടിയിലായപ്പോള്‍ ജാമ്യം ലഭിക്കുന്നതിനായി 10 ലക്ഷം രൂപ വേറെ നല്‍കിയിരുന്നതായും രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലുന്നയിക്കുന്നു.
അതേസമയം ഈ മാസം അഞ്ചിന് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തുവെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നികേഷ് കേസ് ഒതുക്കാനുളള ശ്രമം നടത്തുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നികേഷ് കുമാര്‍.
Discussion about this post