തൃശൂര്‍: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൃഷ്ണദാസടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. കേസിലെ അഞ്ചും ഏഴും പ്രതികളായ വത്സകുമാര്‍, ഗോവിന്ദന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആറാം പ്രതി സുകുമാരന് മാത്രമാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയും കോളജ് നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഉന്നത സ്വാധീനമുള്ള ഇവര്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ലക്കിടി ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസിലും പ്രതിയാണ് കൃഷ്ണദാസ്.
Discussion about this post