തൃശ്ശൂര്‍: ലക്കിടി ലോ കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കിയതില്‍ പോലീസിന് ഗുരുതര വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ഇതുവഴി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് രക്ഷപെടാന്‍ പോലീസ് വഴിയൊരുക്കിയെന്നാണ് തൃശൂര്‍ റേഞ്ച് ഐജിക്ക് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജ്ഞാനശേഖരന് എതിരെയാണ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉള്ളത്.
നേരത്തെ ജിഷ്ണു പ്രണോയിയുടെ കേസിലും കൃഷ്ണദാസിന് അനുകൂലമായി എഫ്‌ഐആര്‍ തയ്യാറാക്കിയത് ജ്ഞാനശേഖരന്‍ തന്നെയാണ്. ജിഷ്ണു പ്രണോയിയുടെ കേസ് ഉണ്ടായ സാഹചര്യത്തിലും സമാന പരാതിയില്‍ പോലീസ് ജാഗ്രത കാട്ടിയില്ല. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന് രക്ഷപ്പെടാനുളള പഴുതുകള്‍ ഇട്ടാണ് കേസെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ അടക്കം ചുമത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിലും ഗുരുതരമായ വീഴ്ചയുണ്ടായി. തൃശ്ശൂര്‍ റേഞ്ച് ഐ.ജിക്കാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുളളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.
ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസ് അടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു ലക്കിടിയിലെ നെഹ്‌റു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതി. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ കൃഷ്ണദാസിന്റെ നിയമോപദേശകയ്ക്കും ആറാംപ്രതി സുകുമാരനും ജാമ്യം ലഭിച്ചിരുന്നു.തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. കൃഷ്ണദാസ്, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പിആര്‍ഒ വല്‍സല കുമാര്‍ എന്നിവരുടെ ജാമ്യഹര്‍ജിയാണ് വടക്കാഞ്ചേരി കോടതി തളളിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും സഹീര്‍ സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് ചെയര്‍മാന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് കൃഷ്ണദാസ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പോലീസിനെ രൂക്ഷമായി ശകാരിച്ചിരുന്നു. ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയാണ് കൃഷ്ണദാസിനെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രതിക്ക് നല്‍കിയ നോട്ടീസില്‍ ചുമത്തിയിരിക്കുന്നതും ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പൊലീസ് കൂട്ടിച്ചേര്‍ത്ത് കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്യുക ആയിരുന്നു. ഇത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും ഹൈക്കോടതി ചോദിച്ചു. അറസ്റ്റിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന് കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അധികാരമുണ്ടെന്ന മറുപടി ആയിരുന്നു ഇതിന് പ്രോസിക്യൂഷന്‍ നല്‍കിയതും. എന്നാല്‍ ഈ മറുപടിയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post