ഡല്‍ഹി: ഡിജിറ്റലാകാന്‍ തയ്യാറെടുത്ത് സുപ്രീംകോടതി. കേസ് ഷീറ്റുകളുടെ എണ്ണത്തിലുണ്ടായ അനിയന്ത്രിത വര്‍ധനവാണ് ഡിജിറ്റല്‍ ആശയത്തിലേക്ക് നീങ്ങാന്‍ കോടതിയെ പ്രേരിപ്പിച്ചത്. ജസ്റ്റിസ് ജെ എസ് കഹാര്‍, ഡി വൈ ചന്ദ്രചൂഡന്, സഞ്ജയ് കൗള്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഡിജിറ്റല്‍ പ്രഖ്യാപനത്തെക്കുറിച്ച് വ്യക്തമാക്കിയത്. 200 ദിവസത്തിനുള്ളില്‍ കോടതിരേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാകുമെന്ന് ജസ്റ്റിസ് ജെ എസ് കഹാര്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്ന കേസുകളുടെ ഫയലുകളില്‍ മുന്‍ കോടതി വിധികളുടെ രേഖകളുള്‍പ്പെടെ വലിയൊരു കെട്ട് കടലാസ് ഉണ്ടാവുക സ്വാഭാവികമാണ്. ഒരു വര്‍ഷം 70000 ത്തോളം അപ്പീലുകള്‍ ഇത്തരത്തില്‍ കോടതിക്ക് മുന്നിലേക്കെത്തുന്നുവെന്നാണ് കണക്കുകള്‍. ഓരോ ഫയലുകളിലും ശരാശരി 100 മുതല്‍ 200 വരെ പേജുകള്‍. ഇങ്ങനെ കണക്കാക്കുമ്പോള്‍ വര്‍ഷാവര്‍ഷം 70 ലക്ഷത്തോളം കടലാസുകളാണ് സുപ്രീംകോടതിയിലേക്ക് എത്തുക. ഇതെല്ലാം ആധികാരികരേഖകളായതിനാല് സൂക്ഷിച്ചുവയ്ക്കേണ്ടതായും വരുന്നു. ഇതേതുടര്‍ന്ന് സ്ഥലപരിമിതി ഉള്‍പ്പെടെയുളള പ്രശ്നങ്ങള്‍ നേരിട്ടതോടെയാണ് ഡിജിറ്റല്‍ ആശയത്തിലേക്ക് നീങ്ങാന്‍ പരമോന്നതകോടതിയെ പ്രേരിപ്പിച്ചത്. രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുകയും വിചാരണവേളയില്‍ അവ ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാവുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതുവഴി 50 ലക്ഷം പേപ്പറുകള്‍ വര്‍ഷാവര്‍ഷം ലാഭിക്കാനും അങ്ങനെ വൃക്ഷസംരക്ഷണം ഒരു പരിധിവരെ നടപ്പാക്കാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post