ഡല്‍ഹി: നെഹ്റു കോളേജ് എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജിഷ്ണുവിന്റെ അമ്മ മഹിജയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പി. കൃഷ്ണദാസിന് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകള്‍. ആ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാകാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു. ജിഷ്ണു പ്രണോയിമാര്‍ ഇനി ഉണ്ടാകരുത്. അതിന് വേണ്ട നടപടികള്‍ കോടതി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 27നാണ് ഈ അപേക്ഷ പരിഗണിക്കുന്നത്. ഇതോടൊപ്പം മഹിജ നല്കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.
Discussion about this post