കൊച്ചി: ബന്ധു നിയമനവിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്. ഗൗരവമേറിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ബന്ധുകള്‍ക്ക് പ്രധാന തസ്തികകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
നേതാക്കളുടെ ബന്ധുക്കള്‍ക്ക് പ്രധാന തസ്തികകളിലൊന്നും ജോലി ലഭിച്ചിട്ടില്ല. ക്രമവിരുദ്ധ നിയമനങ്ങള്‍ നടന്നതില്‍ തെളിവില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ മന്ത്രിമാര്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരുന്നത്. ചിലരുടെ ബന്ധുകള്‍ക്കു ക്ലര്‍ക്ക് തസ്തികയിലേക്കു നിയമനം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഇത് ഗൗരവമേറിയ കുറ്റമല്ലെന്നും വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് യു.ഡി.എഫ് ഭരണകാലത്തെ നിയമനങ്ങളെക്കുറിച്ചും പരാതി ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
നിയമനങ്ങളില്‍ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു. നിയമനം ലഭിച്ചവരില്‍ നേതാക്കളുടെ ബന്ധുക്കള്‍ ഇല്ല. യോഗ്യതയുള്ളവരാണ് നിയമനം ലഭിച്ചവരെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്യൂണ്‍, ക്ലാര്‍ക്ക് നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പുറമെ മുന്‍മന്ത്രിമാരായ കെ.സി ജോസഫ്, കെ.എം മാണി, പി.കെ ജയലക്ഷ്മി തുടങ്ങിയവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post