മുംബൈ: നാസിക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ മലയാളി ജവാനെ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസ്. ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റിന്റെ റിപ്പോര്‍ട്ടര്‍ പൂനം അഗര്‍വാളിനെതിരെയാണ് ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ടിനുകീഴില്‍ വരുന്ന വകുപ്പുകളും ആത്മഹത്യാപ്രേരണാ കുറ്റവും ചുമത്തി നാസിക് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം പവിത്രേശ്വരം കാരുവേലില്‍ ചെറുകുളത്തു റോയ് മാത്യുവിന്റെ (33) മൃതദേഹമാണു മഹാരാഷ്ട്രയിലെ നാസിക് ദേവ്ലാലി പട്ടാള ക്യാംപിലെ പഴയ കെട്ടിടത്തില്‍ കണ്ടെത്തിയത്. മോശം തൊഴില്‍ സാഹചര്യം സംബന്ധിച്ച പരാമര്‍ശങ്ങള്‍ക്കു ശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
പ്രവേശനം നിഷേധിച്ചിരിക്കുന്ന മേഖലയില്‍ അനധികൃതമായി കടന്നുകയറിയ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ സൈന്യമാണു നാസിക് പൊലീസില്‍ പരാതി നല്‍കിയത്. മാധ്യമത്തിനു വേണ്ടരീതിയില്‍ ഉത്തരങ്ങള്‍ ലഭിക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചതെന്നും പരാതിയില്‍ പറയുന്നു. പൂനം അഗര്‍വാളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചാര ക്യാമറയുമായി അതിക്രമിച്ചു കയറിയ പൂനം സൈനിക കേന്ദ്രങ്ങളുടെ വിഡിയോ എടുത്തിട്ടുണ്ടെന്നും സൈന്യത്തിന്റെ പരാതിയില്‍ പറയുന്നു.
ഫെബ്രുവരി 25നു രാത്രിയാണു റോയ് അവസാനമായി കൊല്ലത്തെ വീട്ടിലേക്കു വിളിച്ച് ഭാര്യ ഫിനിയുമായി സംസാരിച്ചത്. ജോലി സംബന്ധമായ ചില കാര്യങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് അറിയാതെ പറഞ്ഞുപോയെന്നും വലിയ പ്രശ്നമായെന്നും അറിയിച്ചു. പുറത്തുവന്ന സംഭാഷണം ബട്ടണ്‍ ക്യാമറ ഉപയോഗിച്ചു റെക്കോര്‍ഡ് ചെയ്തതാണെന്നു കരുതുന്നു. മേലുദ്യോഗസ്ഥരുടെ വീട്ടില്‍ നായയെ നോക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്യേണ്ടിവരുന്നതായി റോയ് ഉള്‍പ്പെടെയുള്ള സൈനികര്‍ പറയുന്നതു വിഡിയോ ദൃശ്യത്തിലുണ്ട്. ഇതറിഞ്ഞ ശേഷമുള്ള മാനസിക സമ്മര്‍ദത്തിലാണു വീട്ടിലേക്കു വിളിച്ചത്. പിന്നീടു വിളിച്ചിട്ടില്ല. തിരികെ ബന്ധപ്പെടാനും സാധിച്ചില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. നാസിക്കില്‍നിന്നു 14 കിലോമീറ്റര്‍ അകലെയാണു ദേവ്ലാലി ക്യാംപ്. ഇവിടെ റോക്കറ്റ് ലോഞ്ചിങ് യൂണിറ്റില്‍ ഉന്നത ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ ആയാണു റോയ് ജോലി ചെയ്തിരുന്നത്.
Discussion about this post