തിരുവനന്തപുരം: എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന വിവാദ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ജസ്റ്റിസ് പി.എസ് ആന്റണി അന്വേഷിക്കും. മൂന്നുമാസത്തെ കാലാവധിയാണ് കമ്മീഷന്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിക്കേണ്ട പരിഗണനാ വിഷയങ്ങളും തീരുമാനിച്ചിട്ടുണ്ട്. എന്തിനുവേണ്ടിയാണ് വിളിച്ചത്, ആരാണ് വിളിച്ചത്, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ, പുറത്തുവന്ന സംഭാഷണം എഡിറ്റ് ചെയ്തതാണോ എന്നിങ്ങനെയുളള കാര്യങ്ങളാണ് കമ്മീഷന് അന്വേഷിക്കേണ്ടത്.
മംഗളം ചാനല്‍ മാര്‍ച്ച് 26 ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജിവെക്കുന്നത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം.
ആരോപണം നിഷേധിച്ച ശേഷമാണ് രാജി. രാജി കുറ്റസമ്മതമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നും ശശീന്ദ്രന് പറഞ്ഞു. കണ്ണൂര്‍ സ്വദേശിയായ വിധവയോടുളള ടെലിഫോണ്‍ സംഭാഷണമെന്നാണ് ചാനല്‍ വ്യക്തമാക്കിയത്. പിന്നാലെ മുഖ്യമന്ത്രി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post