ലക്‌നൗ: മുത്തലാഖ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവതിയുടെ കത്ത്. രണ്ട് കുട്ടികളുടെ അമ്മയും മുത്തലാഖിനിരയുമായ ഷഗുഫ്ത ഷായാണ് മോദിക്ക് കത്തയച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ നശിപ്പിക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം ഷഗുഫ്ത നിരാകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ഇവരുമായുള്ള ബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയിരുന്നുവെന്നും കത്തില്‍ യുവതി പറയുന്നു.
കുട്ടിയെ ഗര്‍ഭം ധരിച്ചതു മുതലുള്ള യാതനകളും പീഡനങ്ങളും ഷഗുഫ്ത കത്തില്‍ പ്രതിപാദിക്കുന്നു. മൂന്നാമത്തെ കുട്ടിയും പെണ്ണായേക്കാമെന്ന സംശയത്താലാണ് ഭര്‍ത്താവ് ഷംഷാദ് സെയ്ദ് ഗര്‍ഭം അലസിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ വിസമതിച്ച തന്നെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം മുത്തലാഖ് ചൊല്ലി തെരുവിലേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് കത്തില്‍ യുവതി പറയുന്നു.
ഷഹരണ്‍പൂരില്‍ നിന്നുള്ള യുവതിക്ക് പോലീസില്‍ നിന്ന് ചെറിയതോതില്‍ സഹായങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും നീതി ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ തന്നെ മുന്‍കൈയെടുത്ത് പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു. തനിക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കത്തിന്റെ പകര്‍പ്പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജില്ലാ മജിസ്‌ട്രേറ്റിനും ദേശീയ വനിതാ കമ്മീഷനും അയച്ചിട്ടുണ്ട്.
Discussion about this post