കൊച്ചി: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവര്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ എട്ടു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. പ്രതികളിലൊരാളായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി. കണ്ണൂര്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് വിവിധ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഐഎസ് അനുഭാവമുള്ളവരെ കഴിഞ്ഞ ഒക്ടോബറിലാണ് എന്‍ഐഎ പിടികൂടിയത്. രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഐ കണ്ടെത്തിയിരുന്നു.
കനകമലയില്‍ യോഗം ചേര്‍ന്നവരും സമൂഹമാധ്യമങ്ങളിലൂടെ ഇതില്‍ പങ്കാളികളായവരുമടക്കം 15 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ എട്ടു പേര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മന്‍സീത്, സ്വാലിഹ് മുഹമ്മദ്, റഷീദ് അലി, എന്‍.കെ.റംഷാദ്, ഷഹ്വാന്‍, എന്‍.കെ. ജാസിന്, സജീര്‍ മംഗലശേരി, സുബ്ഹാനി ഹാജ് മൊയ്തീന് എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി. കേസില്‍ പിടിയിലായ മറ്റ് ആറു പേര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കൊച്ചിയില്‍ ജമാത്തെ ഇസ്ലാമിയുടെ സമ്മേളനത്തിലേക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടതായി കണ്ടെത്തിയിട്ടുണ്ട. മാത്രമല്ല സുബ്ഹാനി ഹാജ് മൊയ്തീന് ഐഎസിനുവേണ്ടി യുദ്ധം ചെയ്തയാളെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. 2015 ഏപ്രിലില്‍ ഇറാഖിലെത്തി ആയുധപരിശീലനം നേടിയ ശേഷം മൊസൂളിലെ യുദ്ധമേഖലയിലാണ് സുബ്ഹാനി ഐഎസിന്റെ സൈനികനായതെന്ന് കുറ്റപത്രത്തിലുണ്ട്. കേസില്‍ അറസ്റ്റുണ്ടായി 180 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യം ഒഴിവാക്കാനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post