ഡല്‍ഹി: ഭോപ്പാല്‍ ഉജ്ജെയ്ന്‍ ട്രെയിന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് അനുകൂല ഭീകര സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ. കഴിഞ്ഞ വര്‍ഷം റാലിയെ ലക്ഷ്യമിട്ട് ബോംബുകള്‍ സ്ഥാപിച്ചെങ്കിലും സ്‌ഫോടനം നടന്നില്ലെന്നാണ് ഭീകര വിരുദ്ധ ഏജന്‍സി പറയുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 17ന് പ്രധാനമന്ത്രി പങ്കെടുത്ത ലഖ്‌നൗ രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ ഐഎസ് അനുകൂല സംഘടന സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. ഇത് സംബന്ധിച്ച് ട്രെയിന്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഡാനിഷ് മൊഴി നല്‍കിയതായി എന്‍ഐഎ വ്യക്തമാക്കി. ഡാനിഷും ആതിഫ് മുസാഫറും സുഹൃത്തുക്കളും ചേര്‍ന്നാണ് പദ്ധതിയിട്ടിരുന്നതെന്നും എന്‍.ഐ.എ പറയുന്നു.
സംഘടനയുടെ മേധാവിയായി പറയപ്പെടുന്ന ആതിഫ് ഇതിനായി ബോംബുകള്‍ നിര്‍മ്മിക്കുകയായിരുന്നെന്നും മൈതാനത്തിന് സമീപം ഇത് സ്ഥാപിച്ചിരുന്നെങ്കിലും സ്‌ഫോടനം നടന്നില്ലെന്നും ഡാനിഷ് മൊഴി നല്‍കിയിട്ടുണ്ട്. ദസറ രാത്രിയില്‍ വേദിക്കരികിലുള്ള ചവറ്റു കൂട്ടയില്‍ ഇവ നിക്ഷേപിക്കുകയായിരുന്നു ബോംബുകള്‍ക്കൊപ്പം ടൈമറും സ്ഥാപിച്ചിരുന്നെങ്കിലും പൊട്ടിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോള്‍ ഏതാനം വയര്‍ കഷ്ണങ്ങള്‍ മാത്രമാണ് കണ്ടതെന്ന് മൊഴി നല്‍കിയെന്നും പറയുന്നു.
മാര്‍ച്ച് 27ന് ഉജ്ജയ്ന്‍ റെയില്‍വേ ട്രാക്കില്‍ ബോംബുകള്‍ സ്ഥാപിച്ച കേസിലാണ് ആതിഫുള്‍പ്പെടെ ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഖുരാസന്‍ മൊഡ്യൂള്‍ എന്നറിയപ്പെടുന്ന ഭീകരവാദി വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത തലവനാണ് കസ്റ്റഡിയിലുള്ള ആതിഫ്.
Discussion about this post