ഹൈദരാബാദ്: കല്യാണം കഴിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റല്‍ കാര്‍ഡുവഴി ഭാര്യയെ തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍. ടെക്സറ്റൈല്‍സ് ജോലിക്കാരനായ മുഹമ്മദ് ഹനീഫയാണ് 26 വയസ്സുള്ള ഭാര്യയെ തലാഖ് ചൊല്ലുന്നതായി പോസ്റ്റല്‍ കാര്‍ഡ് വഴി അറിയിച്ചത്. സംഭവത്തില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 38 കാരനായ ഹനീഫയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് ഹനീഫയുടെ രണ്ടാം വിവാഹമാണിത്. കല്യാണം കഴിഞ്ഞ രണ്ടാം ദിവസം താന്‍ ചികിത്സയ്ക്കായ് ആശുപത്രിയില്‍ പോവുകയാണെന്നും, ഉടനെ വീട്ടിലേക്ക് മടങ്ങിവരികില്ലെന്നും ഭാര്യയെ അറിയിച്ച ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. എട്ട് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 16ന് തലാഖ് എന്ന് മൂന്ന് വട്ടം എഴുതിയിരിക്കുന്ന പോസ്റ്റ് കാര്‍ഡ് വീട്ടിലേക്ക് അയക്കുകയായിരുന്നു. തലാഖിന് സാക്ഷികളായി രണ്ടുപേര്‍ തന്നോടൊപ്പം കത്തെഴുതുന്ന അവസരത്തില്‍ ഉണ്ടെന്നും ഹനീഫ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇതിനെ തുടര്‍ന്നാണ് സെക്ഷന്‍ 498എ (ഭര്‍ത്താവിന്റെയോ, ഭര്‍ത്താവിന്റെ ബന്ധുക്കളുടെയോ ഭാഗത്ത് നിന്നുള്ള പീഡനങ്ങള്‍), 420 (കബളിപ്പിക്കല്‍), 417 (കബളിപ്പിക്കുന്നതിനെതിരായ ശിക്ഷ) എന്നീ വകുപ്പുകള്‍ ചുമത്തി മുഹമ്മദ് ഹനീഫയെ അറസ്റ്റ് ചെയ്തത്.
Discussion about this post