മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തേക്ക് വരണമെന്ന് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടനും എംഎല്‍എയുമായ മുകേഷ്. കുഞ്ഞാലിക്കുട്ടി സാഹിബൊക്കെ നല്ല മനുഷ്യനാണ്. നല്ലനേതാവാണ്. പക്ഷേ അവരൊക്കെ ഇടതുപക്ഷത്തേക്ക് വരാന്‍ സമയമായി. ഒന്നിച്ചു നില്‍ക്കണമെന്നാണ് മുകേഷ് പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുളള ചോദ്യങ്ങള്‍ക്കിടെയാണ് മുകേഷിന്റെ മറുപടി.
ഇടത് സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിനെ കുഞ്ചാക്കോ ബോബനോടാണ് അദ്ദേഹം സാദൃശ്യപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയെന്ന നിലയിലും അല്ലാതെയും അദ്ദേഹത്തെ വലിയ പരിചയമില്ലെങ്കിലും ഇങ്ങോട്ട് വരുന്ന വഴിയില്‍ എല്ലാം ബാനറുകളും പോസ്റ്ററുകളും കണ്ടെന്നും മുകേഷ് പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും അത് ബോബന് കുഞ്ചാക്കോയാണ് ഏതോ സിനിമയുടെ പോസ്റ്ററാണെന്നാണ് താന്‍ വിചാരിച്ചതെന്നും അടുത്തുവരുമ്പോഴാണ് അത് നമ്മുടെ സ്ഥാനാര്‍ത്ഥി ഫൈസലാണെന്ന് മനസിലായതെന്നും മുകേഷ് ചിരിയോടെ പറഞ്ഞു.
മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് വിവാദത്തിലും മുകേഷ് പ്രതികരിക്കാന്‍ മറന്നില്ല. ബിജെപി ഹലാലായ ബീഫ് വിളമ്പുമെന്നൊക്കെ പറയുന്നത് നല്ല കാര്യമാണ്. പക്ഷേ അവരത് പറയുമ്പോള്‍ അതിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന വേറെ കാര്യങ്ങളും കൂടി സാധാരണ ജനങ്ങള്‍ക്ക് മനസിലാകും. അത്രേയുളളു വ്യത്യാസമെന്നും മുകേഷ് പറഞ്ഞു.
Discussion about this post