(നിലപാട്) സുനില്‍ ജോര്‍ജ്ജ്
ഡല്‍ഹി നിയമ സഭ തിരഞ്ഞെടുപ്പിലെ മാസ്മരിക വിജയം കണ്ട് കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അണിയറയില്‍ നടത്തുന്ന നീക്കങ്ങള്‍ തികച്ചും ആത്മഹത്യാപരമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയവും സംഘടന പ്രവര്‍ത്തനങ്ങളിലെ അട്ടിമറികളും കേരളത്തില്‍ അടക്കം പാര്‍ട്ടിയില്‍ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സംഘടന സംവിധാനം കെട്ടിപടുക്കാനും രൂപീകരിച്ച മിഷന് വിസ്താര്‍ കമ്മിറ്റികള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ രൂക്ഷമാക്കുന്ന അവസ്ഥയില്‍ എത്തിക്കുകയും വിവിധ ജില്ലകളിലെ നാളിത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ പരാജയം ആണെന്നും തെളിയിക്കുന്നു.
കൃത്യമായ സംഘടന സംവിധാനം ഇല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സംഭവിക്കാവുന്ന ഗുരുതര പ്രശ്നങ്ങളും പ്രതിസന്ധികളും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയിലൂടെ നേരിട്ട് കണ്ടതാണ് ഉദാഹരണത്തിന്: കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലെ വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കാത്തത് കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണ നോട്ടീസ് ലഭിച്ചത് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചതും സംഘടന പരമായ വീഴ്ച കൊണ്ടാണ് , പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാളിത് വരേയും വരവ് ചിലവ് കണക്കുകള്‍ പാര്‍ട്ടിക്ക് നല്‍കാത്ത സ്ഥാനാര്‍ത്ഥികള്‍, പ്രസ്തുത സ്ഥാനാര്‍ത്ഥിക്ക് മിഷന് വിസ്താര്‍ കമ്മിറ്റിയില്‍ അംഗത്വം നല്കുന്നു, വിവിധ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കണക്കുകള്‍ സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതികള്‍ക്ക് മറുപടി നല്‍കുകയോ പരിഹരിക്കുകയോ ചെയ്തിട്ടില്ല, തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത് സംബന്ധിക്കുന്ന ഗുരുതര ആരോപണങ്ങള്‍ പിന്നീട് ശരി ആണെന്ന് തെളിഞ്ഞെങ്കിലും ഉത്തരവാദിത്വപ്പെട്ട സംസ്ഥാന നേതൃത്വം ആരോപണങ്ങളില്‍ നിന്ന് കൈകഴുകി രക്ഷപെടുന്നു.
പൊതു തിരഞെടുപ്പിലെ ദയനീയ പരാജയം മറന്ന് കൊണ്ട് തദ്ദേശ ഭരണ തിരഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന കേരളത്തിലെ ആം ആദ്മി നേതൃത്വം പാര്‍ട്ടിയെ നശിപ്പിക്കുവാന്‍ ആരുടെയൊ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയത് പോലെ ആണ് പ്രവര്‍ത്തിക്കുന്നത് കാരണം ഇത് വരെ ഒരു ജനകീയ പ്രശ്നങ്ങളില്‍ എങ്കിലും കൃത്യമായ ഇടപെടല്‍ നടത്താനോ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ തയ്യാറാകാതെ വോട്ട് ചോദിച്ച് ചെല്ലുമ്പോള്‍ ഈ പാര്‍ട്ടിയും മറ്റ് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം ആണ് ജനങ്ങള്‍ കാണുന്നത് ?
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് സമയത്ത് ‘ കാതിക്കുടം നിറ്റ ജലാറ്റിന്‍ മലിനീകരണം സംബന്ധിച്ച് ‘ പാര്‍ട്ടി കേരളത്തില്‍ ആദ്യമായി നടത്തിയ ജനകീയ സര്‍വ്വെ ഇന്ന് വരെ പ്രസിദ്ധീകരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇത്തരം പ്രവര്‍ത്തന ശൈലി പിന്തുടരുന്ന ഒരു പ്രസ്ഥാനം സംഘടന സംവിധാനം കെട്ടിപടുക്കാനും ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കാനും ശ്രമിക്കാതെ തിരഞെടുപ്പ് സംവിധാനത്തില്‍ മാത്രം ശ്രദ്ധിക്കുന്നത് നേതൃത്വത്തിന്റെ രാഷ്ട്രീയ കാഴ്ചപാട് ഇല്ലായ്മയേയും ഉദ്ധേശ ലക്ഷ്യങ്ങളേയും കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
തദ്ധേശ ഭരണ തിരഞ്ഞെടുപ്പുകളില്‍ എക്കാലവും സ്വതന്ത്രന്മാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും വിമതന്മാരും വിജയിക്കാറുണ്ട് അത്തരം വ്യക്തികളെ ആം ആദ്മി പാര്‍ട്ടിയുടെ ലേബലില്‍ മത്സരിപ്പിച്ച് താല്കാലിക ജയം നേടുക എന്നതാണ് ഇന്നത്തെ നേതൃത്വത്തിന്റെ ലക്ഷ്യം. പക്ഷെ അത്തരത്തില്‍ വിജയിക്കുന്ന വ്യക്തികള്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കും ഉദ്ധേശ്യ ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ പൊതു സമൂഹത്തില്‍ വികൃതമാകുന്നത് പാര്‍ട്ടിയുടെ മുഖം തന്നെയാണ്. താല്കാലിക വിജയങ്ങളും ലാഭങ്ങളും നേടുന്നവര്‍ക്ക് പാര്‍ട്ടിക്ക് ലഭിക്കുന്ന തിരിച്ചടികളും നഷ്ടങ്ങളും ഒരു പ്രശ്നമെ അല്ല എന്ന് മുന്‍ കാല അനുഭവങ്ങള്‍ തെളിയിക്കുന്നു.
ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ലോക് സഭ ഇലക്ഷനില്‍ 3 മുതല്‍ 5 വരെ സീറ്റുകളില്‍ മത്സരിക്കാന്‍ ആയിരുന്നു സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തിരുന്നത് പക്ഷെ സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ച് സംസ്ഥാന ഇലക്ഷന് കാമ്പയിന് കമ്മിറ്റി തീരുമാന പ്രകാരം മത്സരിച്ചത് 15 ലോക് സഭ സീറ്റില്‍ ആയിരുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായി ഇലക്ഷന് സമയത്ത് ആം ആദ്മി പാര്‍ട്ടിയില്‍ ഇലക്ഷന് കാമ്പയിന് കമ്മിറ്റിക്ക് ആയിരിക്കും പൂര്‍ണ്ണ ചുമതല. കേരളത്തില്‍ കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം സംസ്ഥാന ഇലക്ഷന് കാമ്പയിന് കമ്മിറ്റിയേയ്യും സ്ക്രീനിംഗ് കമ്മിറ്റിയേയും ഹൈജാക്ക് ചെയ്ത് സാധാരണ പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടി ഇട്ട് തങ്ങളുടെ അജണ്ടകള്‍ കൃത്യമായി നടപ്പിലാക്കുക ആണ് ചെയ്തത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തില്‍ മാത്രം പൊതു സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളെ പാര്‍ട്ടിയുടെ ഇലക്ഷന് കാമ്പയിന്, സ്ക്രീനിംഗ് കമ്മിറ്റികളില്‍ ഉള്‍പെടുത്തി സ്വതന്ത്ര മുഖം നല്കി എങ്കിലും പാര്‍ട്ടിയുടെ വിവിധ ജില്ലകളിലെ ശക്തിയും ദൗര്‍ബല്യവും അറിയാത്ത ഇലക്ഷന് ഇലക്ഷന് കാമ്പയിന്, സ്ക്രീനിംഗ് കമ്മിറ്റികളിലെ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി സ്വന്തം സീറ്റ് ഉറപ്പിക്കുകയും തങ്ങളുടെ ഇഷ്ടകാര്‍ക്കും പ്രത്യേക താല്പര്യമുള്ളവര്ക്കും സീറ്റ് നല്‍കുകയും ആണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. ലോക് സഭ ഇലക്ഷന് സമയത്ത് മാത്രം പാര്‍ട്ടിയുടെ കമ്മിറ്റികളില്‍ അംഗങ്ങളായ പൊതു സമൂഹത്തിലെ പ്രശസ്ത വ്യക്തികള്‍ക്ക് പാര്‍ട്ടിയുടെ വിവിധ ജില്ലകളിലെ ശക്തിയും ദൗര്‍ബല്യവും അറിയാനുള്ള ഏക മാര്‍ഗ്ഗം പ്രസ്തുത കമ്മിറ്റികളില്‍ ഉള്പെട്ടിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മാത്രമായിരുന്നു അവര്‍ തങ്ങളുടെ അജണ്ടകള്‍ കൃത്യമായി നടപ്പിലാക്കിയതായി തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളിലൂടെ തെളിയുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം അട്ടിമറിക്കാന്‍ ഒരു വിഭാഗം നേതൃത്വം തങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ള പ്രവര്‍ത്തകരെ ഉപയോഗിച്ച് കേരളത്തില്‍ 30 ലക്ഷം വോട്ട് നേടാന്‍ കഴിയും എന്ന് പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനമായി ദില്ലി നിയമ സഭയിലെ വിജയത്തിനെ തുടര്‍ന്ന് കേരള ഫെയ്സ്ബുക്ക് പേജില്‍ ലഭിച്ച 5 ലക്ഷം ലൈക്കില്‍ ഓരോ ലൈക്കും 6 വോട്ട് നേടി തരും എന്ന കണക്ക് ആണ് അവതരിപ്പിച്ചത്. തികച്ചും അബദ്ധ ജഡിലമായ കണക്ക് അവതരിപ്പിച്ചതിനെ ചോദ്യം ചെയ്തവരെ എല്ലാം വിമതര്‍ എന്ന് മുദ്ര കുത്തുക ആയിരുന്നു. തിരഞ്ഞെടുപ്പിനു നേതൃത്വം നല്കുന്ന ഒരു വിഭാഗം ചെയ്തത് അതോടൊപ്പം പാര്‍ട്ടി കേരളത്തില്‍ പരമാവധി 3 ലക്ഷം വോട്ട് നേടുകയുള്ളു എന്ന മലപ്പുറം ജില്ല കമ്മിറ്റിയുടെ സര്‍വ്വേയും പൂര്‍ണ്ണമായി തള്ളി കളയുകയും ചെയ്തു പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 3 ലക്ഷം വോട്ട് പോലും നേടാന്‍ കഴിഞ്ഞില്ല എന്ന യഥാര്‍ത്ഥ്യം വെളിപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം പാര്‍ട്ടി മുന്നോട്ട് വെക്കുന്ന അടിസ്ഥാന തത്വങ്ങള്‍ പോലും ബലി കഴിച്ചും അട്ടിമറിച്ചുമാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം ജില്ലകളിലും അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുകയും സംസ്ഥാന ജില്ല നേതൃത്വങ്ങള്‍ പരസ്യമായി ഏറ്റ് മുട്ടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.
ഒരു വിഭാഗം സംസ്ഥാന നേതൃത്വവും ജില്ല നേതൃത്വങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പരാതികളും കേരളത്തിലെ സംഘടന സംവിധാനത്തെ നിശ്ചലമാക്കുന്ന അവസ്ഥ സംജാതമായപ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ശ്രീ. എം എന്‍ കാരശേരിയുടെ നേതൃത്വത്തില്‍ ശ്രീമതി. സാറ ജോസഫ്, ശ്രീമതി. അനിത പ്രതാപ്, ശ്രീ. സി ആര് നീലകണ്ഠന്, ശ്രീ. അജിത് ജോയ് എന്നിവര്‍ അടങ്ങുന്ന 5 അംഗ പരാതി പരിഹാര കമ്മിറ്റിയെ നിയോഗിക്കുകയും പ്രസ്തുത കമ്മിറ്റി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സിറ്റിംഗ് നടത്തുകയും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നേതൃത്വത്തില്‍ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുകയും റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിനു നല്‍കുകയും ചെയ്തു പക്ഷെ സുതാര്യത മുഖമുദ്ര ആയി ഉയര്‍ത്തി കാണിക്കുന്ന പാര്‍ട്ടിയില്‍ ഇന്ന് വരെ റിപ്പോര്‍ട്ട് പുറത്ത് വരികയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയൊ ചെയ്തിട്ടില്ല പകരം 5 അംഗ പരാതി പരിഹാര കമ്മിറ്റിയിലെ 4 അംഗങ്ങള്‍ മിഷന് വിസ്താര്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകുകയും ചെയ്തു. അട്ടിമറികള്‍ കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയില്‍ തുടര്‍ കഥകള്‍ ആകുമ്പോള്‍ സാധാരണക്കാര്‍ക്ക് നഷ്ടമാകുന്നത് മാറ്റത്തിന്റെ ശംഖൊലിയായി കരുതിയ പ്രതീക്ഷകളാണ്…..
(ലേഖകന്‍ ആം ആദ്മി കേരള സ്ഥാപക അംഗങ്ങളിലൊരാളും, പാര്‍ട്ടി മുന്‍സംസ്ഥാന ട്രഷററുമാണ്)
Discussion about this post