ഉത്തര്‍പ്രദേശ്: രാമക്ഷേത്രം നിര്‍മിക്കല്‍ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും അതിനുവേണ്ടി ജയിലില്‍ പോകാനും ഒരുക്കമാണെന്നും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതി. രാമക്ഷേത്രത്തില്‍ തനിക്ക് കടുത്ത വിശ്വാസമുണ്ട്. അതില്‍ അഭിമാനമുണ്ട്. അതിനുവേണ്ടി ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും. അതിനു വേണ്ടി തൂങ്ങിമരിക്കണമെങ്കില്‍ അതും ചെയ്യുമെന്നും ഉമാഭാരതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമാഭാരതി.
യോഗിയുമായുള്ള കൂടിക്കാഴ്ചയില്‍ രാമക്ഷേത്രത്തെപ്പറ്റി സംസാരിച്ചോ എന്ന ചോദ്യത്തിന്, ഞങ്ങള്‍ക്ക് അതിനെപ്പറ്റി സംസാരിക്കേണ്ട കാര്യമില്ലെന്നും അക്കാര്യത്തില്‍ ഞങ്ങള്‍ അപരിചിതരല്ലെന്നും ഉമാഭാരതി പറഞ്ഞു. യോഗിയുടെ ഗുരു മഹന്ത് ആദിത്യനാഥ് രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും ഉമാഭാരതി ഓര്‍മപ്പെടുത്തി.
ബാബ്റി മസ്ജിദ് കേസ് സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഒരുക്കമല്ലെന്നും ഉമാഭാരതി പറഞ്ഞു.
Discussion about this post