കോയമ്പത്തൂര്‍: ജിഷ്ണു കേസിലെ മൂന്നാം പ്രതി ശക്തിവേല്‍ അറസ്റ്റില്‍. നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലാണ് അറസ്റ്റിലായ ശക്തിവേല്‍. കോയമ്പത്തൂരിലെ കിനാവൂരില്‍ നിന്നാണ് അറസ്റ്റിലായത്. വൈകിട്ടോടെ ശക്തിവേലിനെ തൃശ്ശൂരിലെത്തിക്കും. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെ കോയമ്പത്തൂരിലെ കിനാവൂരില്‍ ഒരു ഫാംഹൗസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്.
കോളേജിലെ അധ്യാപകനായിരുന്ന സി.പി. പ്രവീണും പരീക്ഷാ ജീവനക്കാരന്‍ വിപിന്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. എന്നാൽ ഇവരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഒളിവിലുള്ള പ്രതികളെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍, പി.ആര്‍.ഒ. സഞ്ജിത്ത് വിശ്വനാഥന്‍, അദ്ധ്യാപകന്‍ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരെ പ്രതികളാക്കി ഫെബ്രുവരി 13നാണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാം പ്രതിയായ കൃഷ്ണദാസും സഞ്ജിത്ത് വിശ്വനാഥനും പിന്നീട് കോടതിയില്‍നിന്ന് മുന്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ കേസിലെ മറ്റു മൂന്നു പ്രതികളും അന്നുമുതല്‍ ഒളിവിലായിരുന്നു.
ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണമുയര്‍ന്ന പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനായിരുന്നു സി.പി. പ്രവീണ്‍.. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ച ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ നേതൃത്വത്തിലാണ് അടച്ചിട്ട മുറിയില്‍ ചോദ്യം ചെയ്തതെന്നായിരുന്നു വിദ്യാര്‍ഥികള്‍ നല്‍കിയ മൊഴി. പി.ആര്‍.ഒ. സഞ്ജിത്ത് കെ. വിശ്വനാഥനും ഒപ്പമുണ്ടായിരുന്നെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.
ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ശക്തിവേലിന്റെ അറസ്റ്റ്.
Discussion about this post