തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തിവൈരാഗ്യം കൊണ്ടു മാത്രമാണെന്ന് കെ.എം ഷാജഹാന്. ലാവ്ലിന് കേസില്‍ ഇടപെട്ടതാണ് സര്‍ക്കാര്‍ തന്നെ കുടുക്കാന്‍ കാരണമെന്നും കെ.എം ഷാജഹാന് പറഞ്ഞു. തന്റെ അറസ്റ്റ് ഭരണഘടനാ ലംഘനമാണെന്നും ഷാജഹാന് വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു റിമാന്‍ഡില്‍ കഴിയുന്ന ഷാജഹാന്. കനത്ത പൊലീസ് സുരക്ഷയിലാണ് എല്‍എല്‍ബി പരീക്ഷക്കായി തിരുവന്തപുരം ലോ അക്കാദമിയില്‍ ഷാജഹാനെ പൊലീസ് എത്തിച്ചത്. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയെ മതിയാകൂവെന്നും ഷാജഹാന് പറഞ്ഞു.
തനിക്കെതിരായ നടപടി തികച്ചും വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്നും അദ്ദേഹം പറഞ്ഞു. ലാവ്ലിന് കേസില്‍ പിണറായിക്കെതിരെ നിലപാട് സ്വീകരിച്ചതാണ് തന്നെ കുടുക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുളള പൊലീസിന്റെ അപേക്ഷയും ജാമ്യഹര്‍ജിയും ഇന്നാണ് കോടതി പരിഗണിക്കുന്നത്.
അതേസമയം ഷാജഹാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ എല്‍. തങ്കമ്മ നടത്തിവരുന്ന നിരാഹാരം ഇന്ന് രണ്ടാംദിവസത്തിലേക്ക് കടക്കുകയാണ്.
ജിഷ്ണുവിന്റെ കുടുംബം അഞ്ചുദിവസമായി നടത്തിവന്നിരുന്ന നിരാഹാരം ഇന്നലെ അവസാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറില്‍ എസ്യുസിഐ പ്രവര്‍ത്തകരുടെ മോചനത്തിനുളള ധാരണകള്‍ ആയിരുന്നു.
അതേസമയം കെ.എം ഷാജഹാനെയും ഹിമവനല് ഭദ്രാനന്ദയെയും തങ്ങള്‍ സമരത്തിന് ക്ഷണിച്ചിരുന്നില്ലെന്നാണ് കരാറിലും ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കുന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്താന്‍ എത്തിയപ്പോള്‍ പൊലീസ് തടയുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇവരോടൊപ്പം കെ.എം ഷാജഹാന് ഉള്‍പ്പെടെയുളള മറ്റു അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരുടെ ജാമ്യത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുളളവര്‍ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നും ഷാജഹാനെ എല്ലാവര്ക്കും അറിയാമല്ലോ, തോക്കുസ്വാമിയെ എല്ലാവര്ക്കും അറിയാമല്ലോ എന്ന പ്രതികരണമാണ് മുഖ്യമന്ത്രി ഇതിനെക്കുറിച്ച് നടത്തിയത്. എസ്യുസിഐ നേതാവ് ഷാജര്‍ഖാന്‍,ഭാര്യ മിനി,എസ്യുസിഐ പ്രവര്ത്തകന് ശ്രീകുമാര്‍, തോക്കുസ്വാമി എന്നു വിളിക്കപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരാണ് ഷാജഹാനൊപ്പം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്.
Discussion about this post