കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമന് വ്യാജമെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടറെ ഇടതുസര്‍ക്കാര്‍ ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറാക്കിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. കെ.വി. ലതീഷിനാണ് ഇടതുസര്‍ക്കാര്‍ ഉന്നതസ്ഥാനം നല്‍കിയത്. ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സി.ബി.ഐയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം വിക്രമന് വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്റെ രേഖയും പുറത്തായതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജനായിരിക്കുമ്പോഴായാണ് ആറുമാസം മുന്‍പ് ലതീഷിനെ ജില്ലാ പ്രോഗ്രാം മാനേജറായി നിയമിക്കുന്നത്. ലതീഷിനെതിരേ നടപടിക്ക് നിര്‍ദേശം നല്‍കിയ അണ്ടര്‍സെക്രട്ടറി കെ.എസ്. വിജയശ്രീ തന്നെയാണ് പ്രോഗ്രാം മാനേജറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കിയത്. വിക്രമന്‍ മദ്യത്തിന് അടിമയാണെന്നും വര്‍ഷങ്ങളായി തന്റെ കീഴില്‍ ചികിത്സയിലാണെന്നുമുള്ള റിപ്പോര്‍ട്ടാണ് ലതീഷ് നല്‍കിയത്. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വിക്രമനെ ചികിത്സിച്ചതായി രേഖയുമുണ്ടായിരുന്നില്ല. വ്യാജമായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആശുപത്രി സൂപ്രണ്ടും സി.ബി.ഐയെ അറിയിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സി.ബി.ഐ.യുടെ വിലയിരുത്തല്‍. ഇതിനുശേഷം, സി.ബി.ഐ. അന്വേഷണസംഘം ലതീഷില്‍ നിന്ന് മൊഴിയെടുത്തു. ലതീഷ് നല്‍കിയത് വ്യാജരേഖയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് സി.ബി.ഐ. ഡിവൈ.എസ്.പി. കത്ത് നല്‍കിയത്. ജില്ലാ ആശുപത്രിയുടെ ലെറ്റര്‍പാഡ് ഉപയോഗിക്കാന്‍ ലതീഷിന് അധികാരമില്ലെന്നും അനുമതി നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സി.ബി.ഐ.ക്ക് വിശദീകരണംനല്‍കി. ഇദ്ദേഹത്തിനെതിരേ വകുപ്പുതല നടപടി സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും സി.ബി.ഐ.യെ അറിയിച്ചു.
മറ്റുചില വ്യാജരേഖകള്‍കൂടി നിര്‍മിച്ചുനല്‍കിയെന്ന പരാതിയും ലതീഷിന്റെപേരിലുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സി.ബി.ഐ.ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ലതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അഞ്ചുതവണ കത്ത് നല്‍കിയിട്ടുണ്ട്. 2016 ഡിസംബര്‍ 27നാണ് അവസാനകത്ത്. ഇക്കാര്യങ്ങളെല്ലാം അട്ടിമറിച്ചാണ് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ലതീഷിനെ എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജറായി നിയമിച്ചത്. അതേസമയം, വിക്രമന് നിംഹാന്‍സില്‍ ചികിത്സ നേടുന്നതിനുള്ള കത്ത് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ഡോ. ലതീഷ് വിശദീകരിച്ചു. ഇക്കാര്യം സി.ബി.ഐ.യെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ കത്ത് അനുസരിച്ച് നിംഹാന്‍സില്‍ വിക്രമന്‍ ചികിത്സ തേടിയതാണ്.
കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെങ്കില്‍ എങ്ങനെയാണ് നിംഹാന്‍സ് ചികിത്സ നല്‍കിയത് വിക്രമനെക്കുറിച്ച് പിന്നീട് പത്രങ്ങളില്‍ വാര്‍ത്തവന്നതിന് ശേഷമാണ് അറിയുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി നടപടിക്ക് നിര്‍ദേശിച്ചതോ സി.ബി.ഐ. കത്ത് നല്‍കിയ കാര്യമോ അറിയില്ലെന്നും ഡോ. ലതീഷ് പറഞ്ഞു.
Discussion about this post