തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിക്ക് നീതി ലഭിച്ചുവെന്ന് അമ്മ മഹിജ. നീതി ലഭിച്ചുവെന്ന വിശ്വാസത്തിലാണ് പോകുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിജിപി ഓഫിസിനു മുന്നില്‍ നടത്തിയ സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മഹിജ ആശുപത്രി വിടുമ്പോഴായിരുന്നു പ്രതികരണം.
ശ്രീജിത്ത് ആരുടേയും സ്വാധീനവലയത്തില്‍ വീണിട്ടില്ലെന്നും മഹിജ പറഞ്ഞു. ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തില്‍ മാത്രമാണ് വീണിട്ടുള്ളത്. തന്റെയും ശ്രീജിത്തിന്റെയും വാക്കുകളെ മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം പെങ്ങള്‍ക്ക് വേണ്ടിയാണ് സമരം നയിച്ചതെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ജിഷ്ണു മരിക്കുന്നതിന് മുന്‍പുള്ളതുപോലെ ചിരിക്കുന്ന ഒരു പെങ്ങളെ തിരിച്ചുകിട്ടി. ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന ബോധ്യം സഹോദരിയില്‍ ഉണ്ടാക്കുകയെന്നതായിരുന്നു സമരത്തിന്റെ സ്വകാര്യ ആവശ്യങ്ങളില്‍ ഒന്ന്, അത് സാധിച്ചുവെന്നും, സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കരാര്‍ പൂര്‍ണമായും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പ്രതികരിച്ചു.
Discussion about this post