ചെന്നൈ: ശശികല കുടുംബം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്ത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ശശികലയെയും ദിനകരനെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്യുമെന്നും പളനിസ്വാമി വ്യക്തമാക്കി.
പാര്‍ട്ടിയെ ശശികല കുടുംബത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് ധനമന്ത്രി ജയകുമാര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആഗ്രഹം നടപ്പിലാക്കും. ഒ.പനീര്‍സെല്‍വവുമായി ചര്‍ച്ചയ്ക്കു തയാറാണ്. അദ്ദേഹത്തിനു പാര്‍ട്ടിയില്‍ പ്രധാന പദവിതന്നെ നല്‍കുമെന്നും ജയകുമാര്‍ പറഞ്ഞു. പനീര്‍സെല്‍വത്തിന്റെ ആവശ്യങ്ങള്‍ എടപ്പാടി പക്ഷം അംഗീകരിച്ചു. 20 മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്.
ശശികലയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി ഒ. പനീര്‍സെല്‍വത്തെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള ആലോചന നേരത്തെ നടന്നിരുന്നു. എന്നാല്‍ ഇതിനു തയാറല്ലെന്ന് വ്യക്തമാക്കിയ ഒപിഎസ്, മന്നാര്‍ഗുഡി മാഫിയ ഇല്ലാത്ത പാര്‍ട്ടിയിലേക്കു മാത്രമേ തിരിച്ചുവരവു നടക്കൂവെന്നും ആവര്‍ത്തിച്ചു. ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റതു ചട്ട വിരുദ്ധമാണ്. ശശികലയെയും കുടുംബത്തെയും പൂര്‍ണമായി ഒഴിവാക്കിയെങ്കില്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്നും പനീര്‍സെല്‍വം വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണു നിര്‍ണായക ഐക്യതീരുമാനം അറിയിച്ചത്. സ്വത്തുകേസില്‍ ജയിലിലുള്ള ശശികലയെ സന്ദര്‍ശിക്കാനായി ദിനകരന്‍ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഐക്യ ചര്‍ച്ചകള്‍ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കില്‍ പനീര്‍സെല്‍വത്തിനൊപ്പം പോകുമെന്നു മുതിര്‍ന്ന മന്ത്രിമാര്‍ മുന്നറിയിപ്പു നല്‍കിയതായും അഭ്യൂഹങ്ങളുണ്ടായി.
122 എംഎല്‍എമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് എടപ്പാടി പക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ 40 എംഎല്‍എമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന സൂചനകളും ശക്തമാണ്. അതിനാല്‍, തിടുക്കപ്പെട്ടു നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്ന ആശങ്കയും ചിലര്‍ പങ്കുവച്ചു. ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ടു ദിനകരന്റെ അടുത്ത അനുയായി മന്ത്രി വിജയഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണു ശശികല ക്യാംപില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങിയത്.
രണ്ടില ചിഹ്നം അനുവദിച്ചുകിട്ടാനായി തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥനു കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡിഎംകെ (അമ്മ) ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ദിനകരനുമായി 50 കോടിയുടെ കരാര്‍ ഉറപ്പിച്ചെന്ന ഇടനിലക്കാരന്‍ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Discussion about this post