ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയ്ക്ക് കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയന് ഒപ്പമുണ്ടായിരുന്നു. സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചെന്നും മാധ്യമങ്ങളോട് അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
ഭയത്തിന്റെ രാഷ്ട്രീയമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനാണ് ശ്രമം. കേരള മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയെ പുതിയ തുടക്കമെന്ന് വിശേഷിപ്പിക്കാമെന്നും കേജ്രിവാള് പറഞ്ഞു. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും അതേസമയം കൂടുതല്‍ കാര്യങ്ങള്‍ തമ്മില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയനും വിശദമാക്കി. ഡല്‍ഹിയിലെ ഗവണ്മെന്റിനെ ഗവണ്മെന്റായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായി. മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരം കവരാനുളള ശ്രമങ്ങളോട് യോജിക്കാനാവില്ല. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചത് കൊണ്ട് കാര്യമില്ല. അതാണ് നിലവിലെ ഇന്ത്യയുടെ അവസ്ഥയില്‍ നമ്മള് കാണുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് പോയത് ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു. മതനിരപേക്ഷ ശക്തികളുമായി സഖ്യമുണ്ടാക്കാന്‍ സിപിഐഎമ്മിന് എപ്പോഴും താത്പര്യം തന്നെയാണെന്നും ഡല്‍ഹിയോടുളള കേന്ദ്രത്തിന്റെ സമീപനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post