ലക്നൗ: അയോധ്യയിലെ രാമജന്മഭൂമിയിലെ തര്‍ക്ക പ്രദേശത്തു നിന്ന് അറസ്റ്റിലായവര്‍ മൂവാറ്റുപുഴ സ്വദേശികളെന്ന് റിപ്പോര്‍ട്ട്. തര്‍ക്കഭൂമിയുടെ ചിത്രം വിലക്ക് മറികടന്നു പകര്‍ത്തിയ വക്കീലുള്‍പ്പെടെയുള്ള ആറംഗ സംഘമാണ് ഉത്തര്‍ പ്രദേശ് പോലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ ബാറിലെ വക്കീലായ അലിയാര്, മൂവാറ്റുപുഴ സ്വദേശികളായ ജോസ്, ജോബി, ഉമ്മര്‍, അലിക്കുഞ്ഞ്, മലപ്പുറം സ്വദേശി കാസിം എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ കോടതിയില്‍ ഇന്നലെ തന്നെ ഹാജരാക്കി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
നാലുദിവസം മുന്‍പ് അവധി ആഘോഷിക്കാനായി നാട്ടില്‍ നിന്നും പുറപ്പെട്ട ഇവരുടെ വീടുകളില്‍ പോലീസെത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ ഇവര്‍ അറസ്റ്റിലായ വിവരം അറിഞ്ഞത്. ഡാര്‍ജിലിങ്ങില്‍ പോയ സംഘം വാരണാസിയിലെത്തിയ ശേഷമാണ് അയോദ്ധ്യയില്‍ എത്തിയത്.
പിടിയിലായവരെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയുമായും മൂവാറ്റുപുഴ പോലീസുമായും ഫൈസാബാദ് പോലീസ് വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്.
ഫൈസാബാദ് എ എസ് പി ആനന്ദ് ദേവായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ദുരൂഹ സാഹചര്യത്തില്‍ ഇവരെ തര്‍ക്ക ഭൂമിയില്‍ കണ്ട പോലീസ് ഇവര്‍ നിരോധിത മേഖലയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.
Discussion about this post