ലക്‌നൗ : മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണ്. ഇന്ന് ഉത്തർപ്രദശിലെ 13 സീറ്റുകൾ ഉൾപ്പെടെ 57 ലോക്‌സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നു. ജനങ്ങൾ വൻ ആവേശത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നുണ്ട്. വോട്ട് രേഖപ്പെടുത്താൻ വന്ന എല്ലാവർക്കും നന്ദി എന്ന് അദ്ദേഹം പറഞ്ഞു. ജൂൺ നാലിന് ഫലം വരുമ്പോൾ യുവാക്കൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിച്ച പാർട്ടി തന്നെ വിജയിക്കും. മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്.
മോദിയുടെ ധ്യാനത്തിനെയും ഭക്തിയെയും ചോദ്യം ചെയ്ത പ്രതിപക്ഷ പാർട്ടികൾക്കെതിരെയും അദ്ദേഹം വിമർശിച്ചു. ഒരാൾക്ക് ഇന്ത്യയുടെ ശാശ്വത മൂല്യങ്ങളിൽ വിശ്വാസമുണ്ടായിരിക്കണം. പ്രധാനമന്ത്രിയുടെ ധ്യാനവും ഭക്തിയും രാഷ്ട്രാരാധനയുടെ ഭാഗമാണ് . ഇതിന്റെ നേട്ടങ്ങളും രാജ്യത്തിന് തന്നെ ലഭിക്കും. അഴിമതിയിൽ മുങ്ങിനിൽക്കുന്നവർക്ക് ഇതിന്റെ പ്രധാന്യം മനസ്സിലാക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ലെ ഏഴാം ഘട്ട വോട്ടെടുപ്പിൽ യോഗി ആദിത്യനാഥ് ഗോരഖ്പൂരിലെ ഗോരാഖ്‌നാഥിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
Discussion about this post