തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ മെട്രോ റെയിൽ ത്വരിതപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. 11000 കോടി രൂപ വരുന്ന പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് തന്നെ അംഗീകരിച്ചു കിട്ടിയിരുന്നെങ്കിൽ കാലതാമസം ഒഴിവാക്കാമായിരുന്നു, പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) പ്രാഥമിക പദ്ധതി രേഖ സർക്കാറിന് സമർപ്പിച്ചപ്പോഴേക്കും തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം വന്നിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തം ഉള്ള പദ്ധതിയായതിനാൽ ഇനി പുതിയ കേന്ദ്ര ഗവൺമെൻറ് അധികാരത്തിൽ വന്നതിനുശേഷം മാത്രമേ അന്തിമ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കാൻ പറ്റുകയുള്ളൂ.
കാലതാമസം പദ്ധതി ചെലവ് ക്രമാതീതമായി വർദ്ധിപ്പിക്കും എന്നത് മാത്രമല്ല, സാമ്പത്തികമായി പാപ്പരായിരിക്കുന്ന സംസ്ഥാന സർക്കാർ തങ്ങളുടെ വിഹിതം എങ്ങനെ സ്വരൂപിക്കും എന്നും കൃത്യമായി ആലോചിക്കേണ്ടതുണ്ട്. “കേന്ദ്ര അനുമതിയോടെ വിദേശ മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ നേടണം”, പാർട്ടിജനറൽ സെക്രട്ടറി എസ് എസ് മേനോൻ പറഞ്ഞു.
ആഗോളതലത്തിൽ കൊച്ചി മെട്രോ ഉൾപ്പെടെ ഭൂരിഭാഗം മെട്രോ പദ്ധതികളും നഷ്ടത്തിലാണ് ഓടുന്നത്. അത് ആവർത്തിക്കാതിരിക്കാൻ വിശദമായ മുൻകൂർ പ്ലാനിങ് കെ എം ആർ എൽ നടത്തണം. പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന, കൈമനം വഴി പള്ളിച്ചൽ വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് ഒന്നാംഘട്ടം വിഭാവനംചെയ്തിരിക്കുന്നത്.
Discussion about this post