തിരുവന്തപുരം : സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കൂടാതെ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ചക്രവാതച്ചുഴി നിലനിൽക്കുന്നത് കൊണ്ടാണ് മഴ തുടരുന്നത്.
തീരപ്രദേശങ്ങളിലും ഇടനാടുകളിലും കൂടുതൽ മഴ ലഭിക്കും. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദേശമുണ്ട്.
ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയിൽ വ്യാപകനാശമുണ്ടായി. വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി.
രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എൽപി സ്‌കൂളിലും വെള്ളിയാമറ്റം ഹയർസെക്കൻററി സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്.
Discussion about this post