കൊച്ചി: യേശുവിനെ കുരിശില്‍ തറക്കാന്‍ ഒറ്റുകൊടുത്ത യൂദാസിന്റെ അനുയായികളാണ് കുരിശ് മറയാക്കി സര്‍ക്കാര്‍ ഭൂമി കൈയേറുന്നവരെന്ന് പി.ടി.തോമസ് എം.എല്‍.എ. കുരിശിനെ ദുരുപയോഗം ചെയ്യാനും ദുഷ്ചെയ്തികള്‍ക്ക് മറയാക്കാനും ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാപ്പാത്തിചോലയില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി ത്യാഗത്തിന്റെയും ജീവസമര്‍പ്പണത്തിന്റെയും പ്രതീകമായ കുരിശ് ദുരുപയോഗം ചെയ്ത് കൈയേറിയവരെ പുറത്താക്കാന്‍ സഭ തയാറാകണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
‘തിരുവനന്തപുരത്ത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് വേണ്ടിയും എറണാകുളത്ത് കൊച്ചി കപ്പല്‍ ശാലക്ക് വേണ്ടിയും പള്ളിയും സെമിത്തേരിയും പൊളിച്ച് കളഞ്ഞ പാരമ്പര്യം കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്. ആ പാരമ്പര്യത്തെപോലും ദുര്ബലപെടുത്താനേ കുരിശിനെ മറയാക്കി ഭൂമി കൈയേറ്റം നടത്തുന്നവരുടെ പ്രവര്‍ത്തനം ഉപകരിക്കൂ. ഇക്കൂട്ടരെ ഒരുതരത്തിലും സംരക്ഷിച്ചുകൂടാ. മതചിഹ്നങ്ങള്‍ സ്വാര്ഥതാല്പര്യത്തിന് ഉപയോഗിക്കുന്നവര്‍ ഏത് മതക്കാരായാലും മുഖം നോക്കാതെ നടപടിവേണം. മതചിഹ്നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ഭൂമിയോ പൊതുഇടമോ സ്വന്തമാക്കാമെന്ന സ്ഥിതി ഉണ്ടായിക്കൂടാ. കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരുേമ്പാള്‍ രാഷ്ട്രീയ ലാഭം നോക്കി തടിതപ്പാനാകരുത് ഭണണാധികാരികളുടെ ശ്രമം ‘ അദേഹം പറഞ്ഞു.
രാവിലെ കുരിശ് പൊളിക്കാന്‍ ഉത്തരവിടുകയും ഉച്ചതിരിഞ്ഞ് കുരിശ് പൊളിച്ചതിന്റെ പേരില്‍ വിലപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് വര്‍ഗീയ പ്രീണനവും തരംതാണ നിലപാടുമാണെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി. കൈയേറ്റക്കാരെ ഒഴിപ്പിക്കാനും തടയാന്‍ വരുന്നവരെ 144 വകുപ്പ് പ്രകാരം നേരിടാനും നിര്‍ദേശിച്ച മുഖ്യമന്ത്രി ഒഴിപ്പിക്കലിനെതിരെ ആക്രോശിക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കാനും രാഷ്ട്രീയ ലാഭമെന്ന ദിവാസ്വപ്നം കണ്ടുമാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ അട്ടിമറിക്കാനും, സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ നേതൃത്വം നല്കുന്ന ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണോ മുഖ്യമന്ത്രിയുടെ വികാര പ്രകടനമെന്നും സംശയിക്കണമെന്നും പിടി തോമസ് പറഞ്ഞു.
സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ മൂന്നാര്‍ കുറിഞ്ഞി സങ്കേതത്തില്‍ 32 ഏക്കര്‍ കൈയേറിയ പാര്‍ട്ടി എം.പി ജോയ്സ് ജോര്‍ജിനെയും സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിട്ടുള്ള പാര്‍ട്ടി എം.എല്‍.എ എസ്. രാജേന്ദ്രനെയും കുടിയൊഴിപ്പിച്ച് വേണം ആത്മാര്‍ഥത തെളിയിക്കാനെന്നും പി.ടി തോമസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post