തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും. സുപ്രീംകോടതിയിൽനിന്ന് കടുത്ത തിരിച്ചടിയേറ്റതിന് പിന്നാലെ ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി സർക്കാർ വീണ്ടും ഇന്നലെ നിയമിച്ചിരുന്നു. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാത്രി ഒപ്പുവെച്ചു. രാവിലെ ഉത്തരവ് കൈമാറും. ഉത്തരവ് കിട്ടിയാൽ ഇന്ന് തന്നെ ടി.പി. സെൻകുമാർ ചുമതലയേക്കും.
നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് വിജിലൻസ് ഡയറക്ടറുടെ പൂർണ ചുമതല നൽകി. നിലവിൽ അദ്ദേഹം വിജിലൻസിന്റെയും ചുമതല വഹിച്ചിരുന്നു. ഒരു പകൽ നീണ്ട സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അവസാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പുവെച്ചത്. 2016 മേയ് 31നാണ് പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ നീക്കിയത്. 11 മാസത്തിനുശേഷമാണ് നിയമപോരാട്ടത്തിലൂടെ അതേ തസ്തികയിലേക്ക് അദ്ദേഹം മടങ്ങിവരുന്നത്. ഇക്കൊല്ലം ജൂൺ 30 വരെ കാലാവധിയുണ്ട്.
സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടും തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ ധിറുതിപിടിച്ച നീക്കങ്ങൾ നടത്തിയത്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിശദമായ ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തിയത്.
വെള്ളിയാഴ്ചതന്നെ നിയമനം നൽകണമെന്ന നിർദേശമാണ് പാർട്ടി നൽകിയത്. വിധി നടപ്പാക്കേണ്ടിവരുമെന്ന് ഉറപ്പായതോടെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി, ഐ.ജി തസ്തികകളിൽ സർക്കാർ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. നൂറോളം ഡിവൈ.എസ്.പിമാരെ വെള്ളിയാഴ്ച മാറ്റിനിയമിക്കുകയും ചെയ്തു. സെൻകുമാറിനെ നിയമിക്കുന്നതിന് മുമ്പുള്ള എല്ലാ തയാറെടുപ്പും സർക്കാർ പൂർത്തിയാക്കുകയും നിയമിക്കേണ്ടിവരുമെന്ന സൂചന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി നൽകുകയും ചെയ്തിരുന്നു.
എന്നാൽ, വിധി മാനിക്കാത്ത സർക്കാറിനെ രൂക്ഷമായ ഭാഷയിലാണ് വെള്ളിയാഴ്ച സുപ്രീംകോടതി വിമർശിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സെൻകുമാറിന് നിയമനം നൽകിയത്.
സർക്കാർ ഉത്തരവ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് സെൻകുമാർ പറഞ്ഞു. ഏപ്രിൽ 24നാണ് സെൻകുമാറിനെ പൊലീസ് മേധാവിയാക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. കോടതി വിധി വന്ന് 13 ദിവസം പിന്നിട്ടിട്ടും സർക്കാർ തീരുമാനം കൈക്കൊണ്ടില്ല. സുപ്രീംകോടതി വിധി മാനിക്കാത്ത സർക്കാർ നിയമോപദേശം തേടുകയും പിന്നീട് പുനഃപരിശോധന ഹര്‍ജി സമർപ്പിക്കുകയും ചെയ്തു. ഇത് വെള്ളിയാഴ്ച കോടതി തള്ളിയതോടെ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാതെ സർക്കാറിന് മുന്നിൽ മറ്റ് വഴികളൊന്നുമില്ലാതെയായി.
Discussion about this post