തിരുവനന്തപുരം: നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമടക്കം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരീക്ഷക്കിടെ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. സി ബി എസ് സി പ്രാദേശിക ഡയറക്ടര്‍ വിശദീകരണം നല്‍കണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു.
പരീക്ഷാ ഹാളിലേക്കു കയറുംമുമ്പ് ഡ്രസ് കോഡിന്റെ പേരില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിച്ച് പരിശോധിച്ചെന്നാണു പരാതി. എന്നാല്‍ സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായുള്ള നടപടികളേ സ്വീകരിച്ചുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.
ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രങ്ങളടക്കം അഴിച്ച് പരിശോധന നടത്തിയത്. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയുംചെയ്തു.
കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. രാവിലെ 8.30-ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ലോഹക്കൊളുത്തുള്ള അടിവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് അടിവസ്ത്രം പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്. പലരും നാണക്കേടുകൊണ്ട് കരഞ്ഞു.
പയ്യാമ്പലത്തെ ഒരു തപാല്‍ജീവനക്കാരന്റെ മകള്‍ ജീന്‍സാണ് ധരിച്ചിരുന്നത്. ആദ്യപരിശോധനയില്‍ ജീന്‍സിലെ ലോഹബട്ടണ്‍ മുറിച്ചുമാറ്റിച്ചു. അതിനുശേഷം ചെന്നപ്പോള്‍ ജീന്‍സിലെ പോക്കറ്റ് ഒഴിവാക്കണമെന്നായി. പോക്കറ്റ് കീറിയാല്‍ ശരീരം വെളിയില്‍ കാണുമെന്നതിനാല്‍ അച്ഛന്‍ മറ്റൊരു വസ്ത്രം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഏറെ ദൂരെപ്പോയി കട തുറപ്പിച്ച് ലെഗ്ഗിന്‍സ് കൊണ്ടുവന്നാണ് മകള്‍ക്ക് നല്‍കിയത്.
ചെറുവത്തൂരിലെ അധ്യാപികയുടെ മകള്‍ക്കും ദൂരെപ്പോയി വസ്ത്രം വാങ്ങേണ്ടിവന്നു. അയല്‍വീട്ടുകാരായ സ്ത്രീകള്‍ പലരും പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഇക്കൂട്ടത്തിലെ ചുരിദാറുകളുടെ കൈകള്‍ അധികൃതര്‍ മുറിച്ചുമാറ്റി. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഇത്തരം നടപടികളുണ്ടായതെന്നതിനാല്‍ പല കുട്ടികളും പരീക്ഷയെഴുതാന്‍ വൈകി. കടുത്ത മാനസികസമ്മര്‍ദം വേറെയും.
അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചുരിദാറിന്റെ കൈ മുറിച്ചതായി പരാതി ഉയര്‍ന്നു. മാലൂര്‍ അരയാരംകീഴില്‍ ദേവാനന്ദിന്റെ മകള്‍ വി. ചഞ്ചലിന്റെ ചുരിദാര്‍ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി കരഞ്ഞു. പ്രശ്നമായതോടെ ഒരു കൈമാത്രം മുറിച്ചുനിര്‍ത്തി. വൈകുന്നേരം വീട്ടിലേക്ക് ഒറ്റക്കൈയുള്ള ചുരിദാറും ധരിച്ച് കുട്ടി വന്നപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.
Discussion about this post