തിരുവനന്തപുരം: എസ്ബിഐ സൗജന്യ എ.ടി.എം ഇടപാടുകള്‍ നിറുത്തലാക്കി എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് എസ്.ബി.ഐ. ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നായിരുന്നു പ്രചരണം. മുഷിഞ്ഞ നോട്ട് മാറുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും പണം ഈടാക്കുമെന്നും പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വെളിപ്പെടുത്തി എസ്ബിഐ അധികൃതര്‍ തന്നെ രംഗത്ത് വന്നപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്.
അതേസമയം ജൂണ്‍ ഒന്നു മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ, സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ എ.ടി.എം വഴി പണം പിന്‍വലിക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് ഇനി മുതല്‍ പ്രതിമാസം ഈടാക്കും. നിലവില്‍ ഈ രീതി തന്നെ ഉണ്ടെങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കി വന്നത് മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രം ആയിരുന്നു. എസ്.ബി.ഐയില്‍ അക്കൗണ്ടുള്ളവരില്‍ നിന്ന് 10 രൂപയും സര്‍വീസ് ചാര്‍ജും മറ്റ് ബാങ്കുകളില്‍ നിന്ന് 20 രൂപയും സര്‍വീസ് ചാര്‍ജുമാണ് ഈടാക്കുക. നിലവില്‍ എസ്.ബിയിലും മറ്റു ബാങ്കുകളിലുമായി അഞ്ച് സൗജന്യ ഇടപാടുകള്‍ വീതവും ആകെ 10 തവണ പണം പിന്‍വലിക്കാം. എന്നാല്‍, ഈ അഞ്ച് ഇടപാട് കഴിയുന്നതോടെ പിന്നീടുള്ള ഓരോ ഇടപാടിനും എസ്.ബി.ഐയുടെ തന്നെ എ.ടി.എം ഉപയോഗിക്കുന്നതിന് 10 രൂപയും സര്‍വീസ് ടാക്സായ 2.5 രൂപയും നല്‍കണം. സമാനമായി മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗത്തിന് സര്‍വീസ് ടാക്സ് ഉള്‍പ്പെടെ 25 രൂപയും നല്‍കണം. വിസ അല്ലെങ്കില്‍ മാസ്റ്റര്‍ നല്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്.
അതേസമയം, റൂപേ ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കും. ഇതേസമയം, സീറോ ബാലന്‍സ് അക്കൗണ്ടുള്ളവര്‍ക്ക് പ്രതിമാസം ബാങ്കിലും എ.ടി.എമ്മിലുമായി നാല് ഇടപാടുകള്‍ മാത്രമെ നടത്താനാവൂ എന്ന പുതിയ വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്.
മുഴിഞ്ഞ നോട്ടുകള്‍ മാറ്റാന്‍ 20 എണ്ണത്തില്‍ കൂടുതലുള്ള ഓരോ നോട്ടിനും രണ്ട് രൂപ വച്ച് ഈടാക്കാനും പുതിയ തീരുമാനമുണ്ട്. അയ്യായിരം രൂപയ്ക്ക് മുകളില്‍ അഞ്ച് രൂപവച്ചും ഈടാക്കും. പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് മിനിമം രണ്ട് രൂപമുതല്‍ പരമാവധി എട്ട് രൂപ വരെ ഈടാക്കും. ഡെപ്പോസിറ്റ് മെഷീന് വഴിയുള്ള പണം പിന്‍വലിക്കലിനും കുറഞ്ഞത് ആറ് രൂപ ഈടാക്കും. സേവിംഗ്സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്ക് ബുക്ക് അനുവദിക്കുന്നിതിലും ഫീസ് ഉയര്‍ത്തി. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും സര്‍വീസ് ടാക്സും ഈടാക്കും. 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും സര്‍വീസ് ചാര്‍ജ്ജും ഈടാക്കും. ഒരു ദിവസം ഇന്ത്യയില്‍ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ അഞ്ചുകോടി ഇടപാടുകള്‍ നടക്കുന്നുവെന്നാണ് കണക്ക്.
Discussion about this post