തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാര്‍ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ ഇടത് എംഎല്‍എ റസാഖ് കാരാട്ട്. ഡിജിപി ആസ്ഥാനത്തെ നടപടിയില്‍ സെന്‍കുമാറിന്റെ നിലപാടാണ് ശരി. സെന്‍കുമാറിന്റെ ഉത്തരവ് നടപ്പാക്കാത്തത് ശരിയായില്ല. പൊലീസിന്റെ നിലപാടുകളോട് യോജിപ്പില്ലെന്നും കൊടുവള്ളിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി ജയിച്ച റസാഖ് പറഞ്ഞു. റസാഖ് കാരാട്ടിന്റെ പരാതി പൂഴ്ത്തിയതിനെത്തുടര്‍ന്നായിരുന്നു സെന്‍കുമാര്‍ നടപടി എടുത്തത്.
സെന്‍കുമാര്‍ പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സെന്‍കുമാര്‍ സ്ഥലം മാറ്റിയ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന തസ്തികയില്‍ തുടരട്ടേയെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അകാരണമായി സ്ഥലംമാറ്റിയെന്ന് ചൂണ്ടികാണിച്ച് ബീനാ കുമാരി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്‍കുമാറിന്റെ ഉത്തരവുകളെല്ലാം തന്നെ സര്‍ക്കാര്‍ നടപ്പാക്കില്ലെന്നാണ് സൂചന. വിവാദമുണ്ടാക്കാതെ കൂട്ടായി ആലോചിച്ച് വേണം തീരുമാനമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയെന്നു കാണിച്ച് കുമാരി ബീനയാണ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ നീക്കിയതെന്നാണ് ആരോപണം. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ നീക്കിയതിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയാണ് സെന്‍കുമാര്‍ തല്‍സ്ഥാനത്ത് തിരിച്ചെത്തിയത്.
മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ചില വിവാദ ഉത്തരവുകള്‍ അടക്കം റദ്ദാക്കിയാണ് സെന്‍കുമാര്‍ തിരിച്ചെത്തിയ ശേഷം ആദ്യ നടപടികള്‍ കൈക്കൊണ്ടത്. ഇത് പൊലീസ് ആസ്ഥാനത്ത് അസ്വസ്ഥതയ്ക്ക് ഇടയാക്കിയിരുന്നു. ഇതോടൊപ്പമെടുത്ത തീരുമാനങ്ങളിലൊന്നിലാണ് ജീവനക്കാരി പരാതിയുമായി രംഗത്തെത്തുകയും സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തത്.
Discussion about this post