ഭോപ്പാല്‍: അന്തരിച്ച കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി അനില്‍ മാധവ് ദവെയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് മധ്യപ്രദേശിലെ ഹോഷംഗാബാദിലെ ബന്ദ്രാബാനില്‍ നടക്കും. സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. നര്‍മ്മദാ തീരത്ത് നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും.
അനില്‍ മാധവ് ദവെയുടെ ആഗ്രഹപ്രകാരമാണ് ബന്ദ്രാബാനിലെ നര്‍മ്മദാ തീരത്ത് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്. നര്‍മ്മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മാധവ് ദവെ, എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും അന്താരാഷ്ട്ര നദീ മഹോല്‍സവം നടത്താന്‍ തെരഞ്ഞെടുത്തിരുന്നത് ബന്ദ്രാബാനായിരുന്നു.
കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയോടുള്ള ആദരസൂചകമായി മധ്യപ്രദേശ് സര്‍ക്കാര്‍ ഹോഷംഗാബാദ് ജില്ലയില്‍ പകുതി ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അനില്‍ മാധവ് ദവേയോടുള്ള ആദരസൂചകമായി ഡല്‍ഹിയിലെയും എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ തലസ്ഥാനങ്ങളിലെയും ദേശീയപതാക പകുതി താഴ്ത്തും. ഇന്നലെയാണ് കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി രാജ്യസഭാംഗമാണ് അനില്‍ മാധവ് ദവെ. ഇന്നലെ വൈകീട്ടോടെ ഡല്‍ഹിയില്‍ നിന്നും ഭോപ്പാലിലെത്തിച്ച അനില്‍ ദവെയുടെ മൃതദേഹം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം, രാത്രിയോടെ അനില്‍ മാധവ് ദവെയുടെ വസതിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post