ഡല്‍ഹി: പ്രശ്നബാധിത മേഖലകളില്‍ യുദ്ധസമാനമായ സാഹചര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ് ലി. ഇത്തരം സാഹചര്യങ്ങളില്‍ സൈനികര്‍ക്ക് പ്രശ്നപരിഹാരത്തിന് സൈനിക ഉദ്യോഗസ്ഥരാണ് നിര്‍ദേശങ്ങള്‍ നല്‍കുകയെന്നും രാഷ്ട്രീയക്കാരല്ലെന്നും പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞു. കശ്മിരില്‍ സൈന്യത്തിനെതിരെ കല്ലെറിഞ്ഞവരെ പ്രതിരോധിക്കാനായി കശ്മിര് സ്വദേശിയെ സൈനിക വാഹനത്തിന് മുന്നില്‍ കെട്ടിവെച്ചുകൊണ്ട് പോയ വിഷയത്തില്‍ പ്രതികരിക്കുകയായായിരുന്നു അദ്ദേഹം.
യുദ്ധസമാനമായ സാഹചര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള അനുവാദം സൈികോദ്യോഗസ്ഥര്ക്ക് നല്‍കിയിട്ടുണ്ട്. അവര്‍ ഒരിക്കലും ജനപ്രതിനിധികളുമായി ചര്ച്ചനടത്തിയിട്ടല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ജെയ്റ്റ് ലി പറഞ്ഞു.
കശ്മിരില്‍ സൈന്യത്തിനെതിരെ കല്ലെറിഞ്ഞവരെ പ്രതിരോധിക്കാനായി കശ്മിര് സ്വദേശിയെ സൈനിക വാഹനത്തിന് മുന്നില്‍ കെട്ടിവെച്ചുകൊണ്ട് പോയത് വിവാദമായിരുന്നു. ഇതിന് ഉത്തരവിട്ട മേജര്‍ ലീതുള്‍ ഗൊഗോയ്ക്ക് സൈനിക ബഹുമതി നല്കിയതും വിവാദമായിരുന്നു.
ഏപ്രില്‍ ഒമ്പതിനാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കശ്മിരി യുവാവിനെ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചു എന്നാണ് ഉയര്‍ന്ന ആരോപണം. എന്നാല്‍ സംഘര്‍ഷം ലഘുകരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. സംഭവത്തില്‍ സൈനിക കോടതി മേജര്‍ ലീതുള്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
Discussion about this post