ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയ്ക്ക് അഞ്ചുലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
നോട്ട് നിരോധനം മൂലം, ഇന്ത്യയുടെ നികുതി വരുമാനത്തില്‍ ഇരട്ടിയോളം വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ തന്നെ ഈ മാറ്റം കാണാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരുമാനത്തെയും സ്വത്തിനെയും സംബന്ധിച്ച് സത്യവാങ്മൂലം നല്കിയ ആളുകളുടെ എണ്ണത്തില്‍ 201617 വര്‍ഷത്തില്‍ 23.8%ത്തിന്റെ വര്‍ധനവാണുള്ളതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ചുരുങ്ങിയത് 10 ശതമാനത്തിന്റെയെങ്കിലും വര്‍ധനവ് നോട്ട് നിരോധനം കൊണ്ടാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നോട്ട് പിന്‍വലിക്കുന്ന കഴിഞ്ഞ നവംബര്‍ എട്ടിന് ഉണ്ടായിരുന്നത് 17.77 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു. ഈ മെയ് മാസത്തില്‍ ഈ പണത്തിന്റെ മൂല്യം 19.25 കോടിയാകുമായിരുന്നു. പഴയ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടുകളിറക്കിയപ്പോള്, പിന്വലിച്ചയത്രയും നോട്ടുകള്‍ പുതിയതായി ഇറക്കിയില്ല. നിലവിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് ഇന്ത്യയില്‍ നോട്ടിനത്തില് പ്രചരിക്കുന്നത് 14.2 ലക്ഷം കോടി രൂപ മാത്രമാണ്. നോട്ട് നിരോധനം അഞ്ച് ലക്ഷത്തോളം കോടി രൂപ ഇത്തരത്തില്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു. ഇത് ജനങ്ങളുടെ പണമുപയോഗത്തിലുള്ള കുറവ് കൂടിയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. പണമുപയോഗം കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഗുണമാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവില്‍ ഇന്ത്യയിലെ എല്ലാ ഇടപാടുകളും കൃത്യമായി നടക്കാന്‍ 14.2 ലക്ഷത്തിന്റെ നോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
നികുതിനിര്‍ദേശം വിസ്തൃതമാക്കിയതും, ഡിജിറ്റല്‍ സാമ്പത്തികരംഗത്തിന് കുതിപ്പ് നല്കിയതും, ബാങ്ക് നിക്ഷേപം വര്‍ധിച്ചതും, ഇപിഎഫ് നിക്ഷേപം വര്‍ധിച്ചതും നിര്‍മ്മാണമേഖല ശക്തിപ്പെട്ടതുമെല്ലാം നോട്ട് നിരോധനം കൊണ്ടുള്ള നേട്ടമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നികുതിവെട്ടിക്കുന്നവര്ക്ക് നോട്ട് നിരോധനം ശക്തമായ സന്ദേശമാണ് നല്‍കിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. ഇത് സാമ്പത്തിക തീവ്രവാദത്തെ ചെറുക്കാന്‍ സഹായകരമായി. 91 ലക്ഷം പുതിയ സ്വത്തുക്കളാണ് ഈ വര്‍ഷം പുതിയതായി നികുതിദായക പട്ടികയിലെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധനവ് 2025ലക്ഷം മാത്രമായിരുന്നത്രേ. നോട്ട് നിരോധനത്തിന് ശേഷം പുതിയതായി രണ്ടുമുതല്‍ മൂന്ന് ലക്ഷംവരെ പാന്‍ കാര്‍ഡുകളും പ്രതിദിനം വിതരണം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍പ് ഇത് ഒരു ലക്ഷത്തോളം മാത്രമായിരുന്നത്രേ. അഴിമതി, കള്ളനോട്ട്, തീവ്രവാദം എന്നീ മൂന്ന് വിപത്തുകളെ ചെറുക്കാനാണ് നിരോധനം നടപ്പിലാക്കിയതെന്നാണ് പ്രധാനമന്ത്രി അന്ന് അവകാശപ്പെട്ടിരുന്നത്.
രാജ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എത്തിയെന്നതാണ് റിപ്പോര്‍ട്ടില്‍ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2016-17 സാമ്പത്തികവര്‍ഷത്തില്‍ 300 കോടി ഡിജിറ്റല്‍ പണമിടപാടുകളാണ് നടന്നത്. 2017-18ലെ ആദ്യ ആഴ്ചയിലെ സൂചനകള്‍ വെച്ച് കണക്കാക്കുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം 2500കോടിയിലധികം ഡിജിറ്റല്‍ ബാങ്ക് ഇടപാടുകളെങ്കിലും നടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പേടിഎം, എസ്ബിഐ ബഡി, ഫ്രീചാര്‍ജ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പ്രതിദിനമിപ്പോള് 200 കോടിയിലധികം രൂപയുടെ കൈമാറ്റമാണ് നടക്കുന്നത്.പുറത്തിറക്കി അഞ്ച് മാസത്തിനുള്ളില്‍ രണ്ടുകോടിയോളമാളുകളാണ് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഭീം, യുപിഐ ആപ്പുകള്‍ വഴി നിലവില്‍ പ്രതിദിനം 140 കോടിയുടെ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിലും സമാനമായ വര്‍ധനവുണ്ടായതായി കണ്ടെത്തലുണ്ട്. 2015-16 സാമ്പത്തികവര്‍ഷം 117കോടി ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലായി 1.58 ലക്ഷം കോടിരൂപയുടെ ഇടപാടാണ് നടന്നത്. 2016-17 ആകുമ്പോളേക്കും ഇത് 240 കോടി ഇടപാടുകളിലായി 3.3 ലക്ഷം കോടി രൂപയുടെ ഇടപാടായി വര്‍ധിച്ചു. ബാങ്കിംഗ് സംവിധാനത്തിലേക്ക് കൂടുതല്‍ പണമെത്താനും നോട്ട് നിരോധനം സഹായിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിലെ വര്‍ധനവില്‍ നിന്ന് വ്യക്തമാണ്. പുതിയതായി 4.5 ലക്ഷം കോടി രൂപയുടെ വര്‍ധനവ് നിക്ഷേപത്തിലുണ്ടായിയെന്നാണ് കണ്ടെത്തലെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post