ലക്നൗ: അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പ്രമുഖ സുന്നി പണ്ഡിതനും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ മൗലാനാ ഖാലിദ് റഷീദ് ഫാറംഗി മഹാലി. യോഗ ഒരു നല്ല വ്യായാമമുറയാണ്. മുസ്ലിങ്ങള്‍ ഇത് പ്രായോഗികമാക്കണം. എന്നാല്‍ യോഗയോടനുബന്ധിച്ചുള്ള പൂജകളില്‍ നിന്ന് മുസ്ലിംങ്ങള്‍ വിട്ട് നില്‍ക്കണമെന്നും ഖാലിദ് റഷീദ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 21ന് ലക്നൗവില്‍ നടക്കുന്ന ചടങ്ങില്‍ മുന്നൂറോളം മുസ്ലിങ്ങള്‍ പങ്കെടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കം ചടങ്ങില്‍ 55,000 പേര് പങ്കെടുക്കും.
ലക്നൗവിലെ പാര്‍ക്കുകളില്‍ സ്ക്രീനുകള്‍ സ്ഥാപിച്ച് ഒരേ സമയം സാധാരണക്കാരെയടക്കം ഉള്‍പ്പെടുത്തി യോഗദിനാചരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തനിക്ക് ചടങ്ങിലേക്ക് ക്ഷണം കിട്ടിയാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്നും ഖാലിദ് റഷീദ് വ്യക്തമാക്കി.
കേന്ദ്ര മന്ത്രി രാജ്നാഥ് സിങിന്റെയും യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച ഒരുക്കങ്ങള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ വര്‍ഷം ചടങ്ങ് ലക്നൗവില്‍ നടത്താന്‍ തീരുമാനിച്ചത്.
Discussion about this post