തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ലൈംഗികാരോപണ വാര്‍ത്ത സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കേസില്‍ ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കുമെതിരായി ക്രൈംബ്രാഞ്ചും ഹെടെക് സെല്ലും അന്വേഷണം നടത്തിവരികയാണ്.
ഇതിനിടെയാണ് ചാനല്‍ ജീവനക്കാരിയായ യുവതി കോടതിയില്‍ നേരിട്ട് പരാതി നല്‍കിയത്. മന്ത്രി തന്നെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതായും അപമാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് പരാതി. മൂന്ന് സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയ പരാതിയാണ് സമര്‍പ്പിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് സിജെഎം കോടതി ശശീന്ദ്രനെതിരായി കേസെടുത്തിരിക്കുന്നത്.
കേസില്‍ ശശീന്ദ്രന് നേരിട്ട് ഹാജരായി മൊഴി നല്‍കേണ്ടിവരും. ലൈംഗികാരോപണം സംബന്ധിച്ച് പുറത്തുവന്ന ടേപ്പിന്റെ പൂര്‍ണരൂപം കോടതിയില്‍ ഹാജരാക്കേണ്ടതായും വരും.
അതേസമയം കേസെടുത്തത് തികച്ചും സ്വാഭാവികമായ നടപടിയെന്ന് എകെ ശശീന്ദ്രന് പ്രതികരിച്ചു.
Discussion about this post