ഡല്‍ഹി: കശ്മീരിനെ ”ഇന്ത്യന്‍” അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിച്ച ലഘുപുസ്തകം തയ്യാറാക്കി കോണ്‍ഗ്രസ് വിവാദത്തില്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകം പുറത്തിറക്കിയ ലഘുലേഖയിലാണ് ഗുരുതരമായ ഈ പിഴവുണ്ടായത്.
എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തിലുണ്ടായ വീഴ്ചകള്‍ പൊതുജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ലഘുപുസ്തകം പുറത്തിറക്കിയത്. ലഘുപുസ്തകത്തില്‍ ദേശീയ സുരക്ഷയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് പാക് അധിനിവേശ കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരായി കാണിച്ചു കൊണ്ടുള്ള ഭൂപടം അച്ചടിച്ചു വന്നത്.
ലഘുപുസ്തകത്തിലെ ഭൂപടം മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നതോടെ സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായി. ശനിയാഴ്ച്ച രാത്രിട്വിറ്ററിന്റെ ടോപ് ട്രന്‍ഡിംഗ് ലിസ്റ്റില്‍ ”ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീര്‍” ഇടം നേടി.
കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദായിരുന്നു ലഘുപുസ്തകം പ്രകാശനം ചെയ്തത്. പാകിസ്ഥാനിലെ ഇന്ത്യാവിരുദ്ധര്‍ക്ക് സന്തോഷം പകരുന്നതാണ് കോണ്‍ഗ്രസിന്റെ ലഘുപുസ്തകമെന്ന് സംഭവത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കൊണ്ട് ബിജെപി കുറ്റപ്പെടുത്തി. മാപ്പര്‍ഹിക്കാത്ത തെറ്റാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ഗുലാം നബി ആസാദിനെ പോലൊയൊരു സീനിയര്‍ നേതാവ് രാജ്യവിരുദ്ധമായ മാപ്പ് പ്രകാശനം ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പാര്‍ലമെന്റ് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം പ്രകാരം പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെയിരിക്കേ കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ കശ്മീരിലെ വിഘടനവാദികളേയും അതിര്‍ത്തിക്കപ്പുറമുള്ള ഇന്ത്യ വിരുദ്ധരേയും സന്തോഷിപ്പിക്കുയാണ് കോണ്‍ഗ്രസ്…. എതിരാളികളെ കടന്നാക്രമിച്ചു കൊണ്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതേസമയം വലിയ തെറ്റാണ് സംഭവിച്ചതെന്നും അച്ചടിയിലുണ്ടായ പിശകാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സമാനമായ രീതിയിലൊരു ഭൂപടം മുന്‍പ് ബിജെപി അവരുടെ വെബ്സൈറ്റില്‍ കൊടുത്തിരുന്നുവെന്നും എന്നാല്‍ ആ തെറ്റ് അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അജയ് മാക്കന് പറഞ്ഞു. ഞങ്ങള്‍ ബിജെപിയെ പോലെയല്ല തെറ്റു പറ്റിയാല്‍ അത് അംഗീകരീക്കാനും മാപ്പ് പറയാനും ഞങ്ങള്‍ തയ്യാറാണ്. 2014 മാര്‍ച്ച് 28 സമാനമായൊരു മാപ്പ് ബിജെപിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അതേ വര്‍ഷം ചൈനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കരാര്‍ ഒപ്പിടുമ്പോള്‍ പ്രദര്‍ശിപ്പിച്ച മാപ്പില്‍ അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമായാണ് കാണിച്ചിരുന്നത്. ബിജെപിക്കെതിരെ തിരിച്ചടിച്ചുകൊണ്ട് അജയ്മാക്കന് പറഞ്ഞു.
Discussion about this post