തിരുവനന്തപുരം: മദ്യനയത്തില്‍ സഭയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിവരാവകാശ രേഖ. വൈന്‍ ഉല്പാദനം 250 ലിറ്ററില്‍ നിന്ന് 2500 ലിറ്ററാക്കാന്‍ അനുമതി തേടി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം എക്‌സൈസ് ജോയിന്റ് കമ്മീഷണറെ സമീപിച്ചതിന്റെ വിവരാവകാശ രേഖ പുറത്ത്. ബാറുകള്‍ വീണ്ടും തുറക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്ന ആര്‍ച്ച് ബിഷപ്പ് വൈന്‍ കൂടുതലായി നിര്‍മ്മിക്കാന്‍ അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
പള്ളികളിലെ കുര്‍ബാനയ്ക്കുവേണ്ടി വൈന്‍ നിര്‍മ്മിക്കാന്‍ സഭയ്ക്ക് അനുമതിയുണ്ട്. നിലവില്‍ 250ലിറ്റര്‍ വൈന്‍ നിര്‍മ്മിക്കാനാണ് ലൈസന്‍സ് ഉള്ളത്. എന്നാല്‍ ഇത് 2500ലിറ്റര്‍ ആയി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂസെപാക്യം എക്‌സൈസ് ജോയിന്റ് കമ്മീഷണറെ സമീപിച്ചത്.
250ലിറ്റര്‍ എന്നത് മുമ്പേയുണ്ടായിരുന്ന കണക്കുപ്രകാരമുള്ളതാണെന്നും ഇപ്പോള്‍ സഭയിലെ അച്ഛന്മാരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സൂസപാക്യം ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. എന്നാല്‍ വൈദികരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും സൂസെപാക്യം ആവശ്യപ്പെട്ട വൈനിലെ വര്‍ധനവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എക്‌സൈസ് കമ്മീഷണറുടെ മറുപടി. സഭയിലെ അച്ഛന്മാരുടെ എണ്ണം നേരത്തെ 230 ആയിരുന്നെന്നും എന്നാല്‍ ഇപ്പോഴത് 408ആയിട്ടുണ്ടെന്നുമാണ് സൂസെപാക്യം ചൂണ്ടിക്കാട്ടിയത്. 77 ശതമാനം ഉയര്‍ച്ചയാണ് വൈദികരുടെ എണ്ണത്തില്‍ ഉണ്ടായതെന്നാണ് സൂസെപാക്യം അവകാശപ്പെടുന്നത്.
മാത്രമല്ല വൈന്‍ നിര്‍മ്മാണത്തില്‍ 900 ശതമാനം വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തണമെന്നും എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടു.
അതേസമയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രിലില്‍ എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കിയെങ്കിലും ആര്‍ച്ച് ബിഷപ്പ് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വിശദീകരണമാവശ്യപ്പെടല്‍ കുറിപ്പിന് ഇതുവരെ മെത്രാന്‍ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നയാളാണ് സൂസെപാക്യം. സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും സന്ദര്‍ശിച്ച് മതമേലധ്യക്ഷന്മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തിയ്യതി നിയമസഭയുടെ മുന്നില്‍ മെത്രാന്‍ സമിതി പ്രതിഷേധ സമരവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈന്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ ഇവര്‍ നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
Discussion about this post